മനാമ: കഠിനമായ ചൂടിന്റെയും ഹ്യുമിഡിറ്റിയുടെയും നാളുകൾക്ക് ശേഷം തണുപ്പിന്റെയും മഴയുടെയും കാലത്തെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ട്. ഉച്ചക്ക് പൊതുവെ ചൂട് കുറഞ്ഞ അവസ്ഥയും രാത്രികാലങ്ങളിൽ നേരിയ തണുപ്പും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ ചൊവ്വാഴ്ച മുതൽ രാജ്യത്ത് തണുപ്പ് ഗണ്യമായി കൂടിത്തുടങ്ങുമെന്നും താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്നുമാണ് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥവിഭാഗകത്തിന്റെ അറിയിപ്പ്.
രാജ്യത്തുടനീളം ഒരു ശീതതരംഗം പ്രവേശിക്കുന്നതിന്റെ സൂചനയാണിത്. ഇറാഖിന് വടക്കും തെക്കൻ തുർക്കിയിലുമായി രൂപപ്പെട്ട ന്യൂനമർദമാണ് ഈ മാറ്റത്തിന് കാരണം. ഇത് ശക്തിയേറിയ വടക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റുകൾക്ക് കാരണമാവുകയും രാജ്യത്തെ അന്തരീക്ഷം, പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും തണുപ്പുള്ള സാഹചര്യത്തിന് വഴിയൊരുക്കുകയും ചെയ്യും.
തിങ്കളാഴ്ച രാത്രിയോടെ തന്നെ കാറ്റിന് ശക്തി കൂടിത്തുടങ്ങിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കി.മീ വരെ എത്താൻ സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുന്നതിനും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനും കാരണമായേക്കാം. ഇക്കാലയളവിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ് മുതൽ 28 വരെയും കുറഞ്ഞ താപനില 17ഡിഗ്രി സെൽഷ്യസ് മുതൽ 20 വരെയും ആകാനാണ് സാധ്യത. ശക്തമായ കാറ്റ് കാരണം അനുഭവപ്പെടുന്ന താപനില ഇതിലും കുറവായിരിക്കും. ഇന്നും തണുത്ത കാലാവസ്ഥ തുടരും. ഈ ആഴ്ച മുഴുവൻ തണുത്ത കാലാവസ്ഥ തുടരുമെന്നും കടലിലെ തിരമാലകളുടെ ഉയരം മൂന്ന് അടി വരെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കുകയും പ്രത്യേകിച്ച് കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥവകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.