മനാമ: ബഹ്റൈനിൽ 60 ലക്ഷത്തിലധികം ദീനാറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ കമ്പനി ഉടമക്ക് എട്ട് വർഷം 1,05,000 ദീനാർ പിഴയും ശിക്ഷ വിധിച്ചു. മനാമയിലെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയുടേതാണ് പ്രസ്തുത വിധി. കൂടാതെ, തട്ടിപ്പിലൂടെ സമ്പാദിച്ച 60 ലക്ഷം ദീനാറോ അതിന് തുല്യമായ തുകയോ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസിലെ കൂട്ടുപ്രതികളായ കമ്പനി സി.ഇ.ഒക്കും രണ്ട് ബോർഡ് അംഗങ്ങൾക്കും ഓരോ വർഷം വീതം തടവും 5,000 ദീനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. വ്യാജരേഖകൾ ചമച്ച് 388ഓളം വ്യാജ ഇടപാടുകളിലൂടെ നിക്ഷേപകരെ വഞ്ചിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തത്.
നിലവിലില്ലാത്ത ബിസിനസ് ഡീലുകൾ ഉണ്ടെന്നുകാണിച്ച് നിക്ഷേപകരെ വിശ്വസിപ്പിക്കുകയും വ്യാജ വാണിജ്യരേഖകൾ ഹാജരാക്കി നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം കമ്പനി ഉടമ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.
കമ്പനിയുടെ അക്കൗണ്ടുകളിൽനിന്ന് അനാവശ്യമായി പണം പിൻവലിച്ചതും നിക്ഷേപിച്ചതും വ്യാജ ചെക്കുകൾ നൽകിയതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നാഷനൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.