പി.എൽ.സി അംഗങ്ങൾ നോർക്ക സി.ഇ.ഒ അജിത് കൊളാശ്ശേരിയോടൊപ്പം
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്നവർക്കായി ‘നോർക്ക കെയർ’ മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാറിന് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽനിന്ന് നിർദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്നവരെ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിർദേശപ്രകാരം പി.എൽ.സിയുമായി നടത്തിയ ഹിയറിങ്ങിലാണ് നോർക്ക റൂട്ട്സ് സി.ഇ.ഒ ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ സർക്കാറോ നോർക്ക റൂട്ട്സോ വിഷയത്തിൽ വേണ്ട താൽപര്യം കാണിക്കാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ നോർക്ക പ്രത്യേക സെക്രട്ടറി ടി.വി. അനുപമയെ നവംബർ ആറിന് കണ്ട് പരാതി പറഞ്ഞിരുന്നു. വിഷയത്തിൽ ഉടനെ നടപടി എടുക്കണം എന്ന സ്‌പെഷൽ സെക്രട്ടറിയുടെ നിർദേശത്തിലാണ് മടങ്ങിവന്നവർക്ക് നോർക്ക കെയറിന്റെ മാതൃകയിൽ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് എത്താൻ നോർക്ക റൂട്സ് തയാറാകുന്നത്.
നോർക്ക റൂട്ട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോർക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിർണയിച്ചിരിക്കുന്നത്. നോർക്ക ഐഡി അല്ലെങ്കിൽ സ്റ്റുഡന്റസ് ഐഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാറിനോടും അഭ്യർഥിച്ചത്. പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ (ജന.സെക്രട്ടറി), എം.എ. ജിഹാംഗിർ (വൈസ് പ്രസിഡന്റ്), റോഷൻ പുത്തൻപറമ്പിൽ (ട്രഷറർ), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ (എക്സി.അംഗം) എന്നിവർ ഹിയറിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.