ഇ​ന്ത്യ​ൻ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ

മനാമ: ഇന്ത്യൻ സ്കൂൾ മെഗാമേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ ഈസ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. കുടുംബങ്ങൾക്ക് വിനോദപരിപാടികൾ ആസ്വദിക്കാനുള്ള കാർണിവലായിരിക്കും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ യുവജനോത്സവമായ 'തരംഗി'ന്റെ ഗ്രാൻഡ് ഫിനാലെ 23ന് വൈകീട്ട് ആറിന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീതപരിപാടികൾ 24ന് വൈകീട്ട് ആറിന് നടക്കും. ഗായകരായ സച്ചിൻ വാര്യർ, വിഷ്ണു ശിവ, അവനി, അബ്ദുൽ സമദ് എന്നിവരും പങ്കെടുക്കും. നവംബർ 25ന് വൈകീട്ട് ആറിന് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും.

സ്റ്റാർ വിഷൻ ഇവന്റ് പാർട്ണറായ മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്‌കൂൾ ഒരുക്കിയിരിക്കുന്നത്. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിന് മിത്സുബിഷി എ.എസ്.എക്സ് കാറും രണ്ടാം സമ്മാനമായി എം.ജി 5 കാറും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് സമ്മാനിക്കും.

മേളയുടെ വിജയത്തിനായി 501 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു. ബിസിനസ് പ്രമുഖനായ പി.കെ. ഷാനവാസ് ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയും പി.എം വിപിൻ കോഓഡിനേറ്ററുമായ സംഘാടകസമിതിയിൽ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തിത്വങ്ങളും ഉൾപ്പെടുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക്ഷേ​മ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന

മനാമ: വിവിധ രാജ്യങ്ങളിൽനിന്നുള്ള 12,000 വിദ്യാർഥികളാണ് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയാണ് സ്കൂൾ മേള മുഖ്യമായും സംഘടിപ്പിക്കുന്നത്. ഒരു കമ്യൂണിറ്റി സ്കൂൾ എന്നനിലയിൽ, പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്. ഓരോ വർഷവും മേളയിൽനിന്ന് ലഭിക്കുന്ന ഫണ്ട് വഴി അർഹരായ ആയിരത്തോളം വിദ്യാർഥികൾക്ക് ഫീസിളവ് നൽകുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം, 2019 മുതൽ സ്കൂളിന് മേള നടത്താൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന മേളയുടെ സ്റ്റാൾ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

യുവജനോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും 23ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും. മേളയുടെ ഭാഗമായി വിദ്യാർഥികളുടെ ചിത്രപ്രദർശനം സന്ദർശകർക്ക് നവ്യാനുഭവമാകും. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള നാഷനൽ സ്റ്റേഡിയത്തിലാണ് പാർക്കിങ് സൗകര്യം ഒരുക്കുന്നത്.

മേള ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽനിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവിസ് ഉണ്ടായിരിക്കും. സ്‌കൂൾ ഫുട്ബാൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും അനുബന്ധ സ്റ്റാളുകളും അത്‌ലറ്റിക് ഗ്രൗണ്ടിൽ ഭക്ഷണ സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. വിവിധ വിനോദപരിപാടികളും കുട്ടികൾക്കായി ഗെയിം സ്റ്റാളുകളും ജഷൻമൽ ഓഡിറ്റോറിയത്തിലുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പാചകവൈവിധ്യം അനുഭവിക്കാൻ മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ അവസരമൊരുക്കും. മേളയും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലും സുരക്ഷാകവചത്തിലുമായിരിക്കും. മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്‌കൂളിനെതിരെ നിക്ഷിപ്ത താൽപര്യമുള്ള ചിലർ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഇത്തരം കിംവദന്തികളിൽ രക്ഷിതാക്കൾ അകപ്പെടരുതെന്ന് ചെയർമാൻ പറഞ്ഞു. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഈ മഹത്തായ ദൗത്യത്തിന് പൂർണഹൃദയത്തോടെ പിന്തുണനൽകാൻ രക്ഷിതാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ്. പ്രേമലത, ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, വി. അജയകൃഷ്‌ണൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഫെയർ ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ. ഷാനവാസ്, രക്ഷാധികാരി മുഹമ്മദ് മാലിം, ജനറൽ കോഓഡിനേറ്റർ പി.എം. വിപിൻ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.