എം.കെ. മുഹമ്മദലി
ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ സ്വന്തം നാടും വീടും കുടുംബവും വിട്ട് കടൽകടന്നവരാണ് പ്രവാസികൾ. പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും വലിയ ഭാണ്ഡക്കെട്ടുകളും അവരുടെ വഴികളിലുണ്ടാകും. അതിൽ വീണുപോകുന്നവരും വാഴുന്നവരുമുണ്ട്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിലകപ്പെട്ട് ദുരിതത്തിലാകുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് ബഹ്റൈനിലടക്കം നിലനിൽക്കുന്നത്. കുട്ടികളെ പഠിപ്പിക്കാൻപോലും കഴിയാതെ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദുരിതത്തിലായവർ ആ കൂട്ടത്തിലുണ്ട്.
കൂടാതെ പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക അച്ചടക്കം, സമൂഹത്തിനിടയിൽ വർധിച്ചുവരുന്ന മതദ്രുവീകരണ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഗൾഫ്മാധ്യമത്തോട് സംസാരിക്കുകയാണ് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാനും പീപ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാനുമായ എം.കെ. മുഹമ്മദലി.
ദുരിതത്തിലകപ്പെടുന്ന പ്രവാസികളെ ചേർത്തുപിടിക്കണം
മലയാളി പ്രവാസികളുടെ മൗലികമായ ഇത്തരത്തലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകളും കൂട്ടായ്മകളും മുന്നിട്ടിറങ്ങണം. പൊതുവെ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റുമാണ് പ്രവാസികൾ അധികമായും ഇടപെടുക. എന്നാൽ അങ്ങനെ മത്രം ചെയ്താൽ മതിയാകില്ല എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസത്തെ ഹനിക്കുകയും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം പ്രവാസികൾ ഉണ്ടെന്നറിയുന്നത് സങ്കടകരമായ കാര്യമാണ്. ഒരു നേരത്തെ ഭക്ഷണത്തിനും വാടക നൽകാനും ചികിത്സക്കും പണമില്ലാതെ ദുരിതത്തിലാകുന്ന ഇത്തരം മനുഷ്യരെയും നമ്മൾതന്നെ ചേർത്തുപിടിക്കണം. നാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി പേർ പലയിടത്തുനിന്നായി വരും, എന്നാൽ ഇവിടെ ദുരിതങ്ങൾ അഭിമുഖീകരിക്കുന്ന കുടുംബങ്ങളെ ചേർത്തുനിർത്താൻ നമ്മൾ മാത്രമാണുണ്ടാവുക. കേവലം അവരുടെ പ്രാഥമിക ആവശ്യങ്ങൾ തന്നെയെങ്കിലും പരിഹരിക്കാൻ ഈ കൂട്ടായ്മകൾ ശ്രമിക്കണം. മുൻധാരണകളോ ആലോചനകളോ ഇല്ലാതെയാണ് പലരും കുടുംബത്തെ ഇവിടേക്ക് കൊണ്ടു വരുന്നത്. കുടുംബത്തെ കൂടെനിർത്തണമെന്നത് നല്ല കാര്യമാണെങ്കിലും അതിനുള്ള സാമ്പത്തികം കണ്ടെത്താനാകുന്നില്ലങ്കിലാണ് പ്രയാസപ്പെടുക. അത്തരക്കാരാണ് കരകയറാൻ കഴിയാത്ത ബുദ്ധിമുട്ടിലേക്ക് പിന്നീട് ചെന്നെത്തുക. ഈ കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുക എന്നതും കൂടി ഈ സാമൂഹിക സംഘടനകൾ ചെയ്യണം.
പ്രവാസികൾക്ക് പുനരധിവാസം
പ്രവാസലോകം എന്നത് പഴയതുപോലെ സുരക്ഷിതമായ ഇടമല്ല. പല തരത്തിലുമുള്ള വെല്ലുവിളികളും ഇവിടെയുണ്ട്. സാഹചര്യങ്ങൾ ഒരുപാട് മാറി. അതുകൊണ്ടുതന്നെ എല്ലാ പ്രവാസികളും ഒരുപാട് വിജയം നേടിയായിരിക്കില്ല നാടണയുന്നത്. എന്നാൽ പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ കൂടി പ്രവാസി സംഘടനകളും മറ്റ് സാമൂഹിക സംഘടനകളും സ്വീകരിക്കണം. ഒറ്റപ്പെട്ട ചില സഹായങ്ങൾ പലയിടത്തും നടത്തപ്പെടുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. അതിൽ പീപ്ൾസ് ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ പ്രവാസികൾക്ക് വീട് നൽകുന്ന പദ്ധതികളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പ്രതിസന്ധിയിലായി തിരിച്ചുവരുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണത്.
പ്രവാസി സംഘടനകളും കുടുംബവും കൂടെ പീപ്ൾസ് ഫൗണ്ടേഷനും ഒന്നിച്ചാണ് വീട് പണിതുനൽകാൻ ഉദ്ദേശിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെതന്നെ പ്രവാസികൾക്കു വേണ്ടിയുള്ള സംരംഭങ്ങളൊരുക്കുക എന്നതും ഒരു അവശ്യ കാര്യമാണ്. ഇത്തരത്തിലൊരു ലക്ഷ്യത്തോടെ പീപ്ൾസ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ തൃശൂരിൽ ഒരു പദ്ധതി പൂർത്തിയായി വരുന്നുണ്ട്. അത് പൂർത്തിയാകുന്നതോടെ ഇത്തരത്തിലുള്ള കുറച്ചധികം പ്രവാസികൾക്ക് ചില സാധ്യതകൾ അവിടെ സജ്ജമാകും. ഇത് ഒറ്റപ്പെട്ട കാര്യമായാൽ പോരാ, മറ്റു സാമൂഹിക സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇത്തരത്തിലുള്ള ചേർത്തുനിർത്തലുകൾക്കും മേൽനോട്ടം വഹിക്കണം.
സാമ്പത്തിക അച്ചടക്കത്തിന് വ്യക്തമായ പദ്ധതികൾ വേണം
കൃത്യമായ പദ്ധതികളില്ലാത്തതുകൊണ്ടാണ് പലപ്പോഴും പ്രവാസികൾക്ക് പണം അനാവശ്യമായി കൈകാര്യം ചെയ്യേണ്ടിവരുന്നത്. അധ്വാനിക്കുന്ന പണം എന്തിനാണ് ചെലവഴിക്കേണ്ടതെന്ന ധാരണയാണ് ആദ്യം വേണ്ടത്. വീടില്ലാത്തവരാണെങ്കിൽ അതിനായും മറ്റ് ലക്ഷ്യങ്ങളുള്ളവരാണെങ്കിൽ അതിനായും പണം മാറ്റിവെച്ചു തുടങ്ങണം. അതുപോലെ നമ്മുടെ വരുമാനത്തിനനുസരുച്ചുള്ള പദ്ധതികളുമാകണം തയാറാക്കുന്നത്. പലരും ലോണെടുത്തും മറ്റും വലിയ മാളികകളൊക്കെ പണിയാൻ ശ്രമിക്കും. ഒടുവിൽ കടം കയറി എല്ലാം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണെത്തിച്ചേരുക. നല്ല വ്യക്തമായ പദ്ധതികളില്ലാത്തതിന്റെ പ്രശ്നമാണിത്.
വ്യക്തികളിൽ കേന്ദ്രീകൃതമാകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടും കേവലം രാഷ്ട്രീയത്തിനപ്പുറത്ത് നാടിന്റെ വികസനങ്ങളിൽ കേന്ദ്രീകരിച്ചാകണം.
തദ്ദേശസ്ഥാപനങ്ങൾ എന്നത് സംസ്ഥാനത്തെയോ രാജ്യത്തെയോ നയപരമായ വലിയ കാര്യങ്ങൾ ചർച്ചചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യുന്ന ഒരു ബോഡി അല്ല. മറിച്ച്, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളോട് പ്രതികരിക്കുന്ന അവർക്കുവേണ്ട കാര്യങ്ങൾ ചെയ്യുന്ന വിഭാഗമാണ്. അത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തികളിൽ കേന്ദ്രീകൃതമാകണമെന്നാണ് എന്റെ അഭിപ്രായം. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ രാഷ്ട്രീയ വേർതിരിവുകളും മറ്റുമായി ചർച്ച അധികരിക്കുകയും അടിസ്ഥാന വികസനങ്ങൾ പോലും നടക്കാതെ പോവുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
വേവലാതിയുള്ള സാമുദായിക ദ്രുവീകരണ ശ്രമങ്ങൾ
നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ രൂപത്തിലാണെങ്കിൽ പോലും സാമുദായിക ദ്രുവീകരണം പോലുള്ള സംഭവങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. സാമുദായിക നേതാക്കൾ പോലും ഒരു മടിയുമില്ലാതെ വർഗീയത പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിൽ അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. വളരെയേറെ സഹകരണത്തിലും ഐക്യത്തിലും ജാതി മത ഭേദമെന്യേ പ്രവർത്തിക്കുന്നവരാണ് പ്രവാസികൾ. അതുകൊണ്ടുതന്നെ പ്രവാസലോകത്തെ മലയാളികൾ വിചാരിച്ചാൽ ഇത്തരത്തിലുള്ള ദ്രുവീകരണ ചിന്താഗതികളെ ഒരുവിധം ഒഴിവാക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കേരളത്തിൽനിന്ന് വരുന്ന സമുദായ രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ സന്ദർശനത്തിനായി ഇവിടെ എത്തുമ്പോൾ അവരോട് ഈ കാര്യങ്ങൾ ധരിപ്പിക്കണം. നാട്ടിലെ നിലവിലെ അവസ്ഥയിൽ നമ്മൾ അസ്വസ്ഥരാണെന്നും പ്രവാസ ലോകത്തെ ഈ ഐക്യം നമ്മുടെ നാട്ടിലും തുടരണമെന്നും ആവശ്യപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.