മനാമ: 2024ൽ ബഹ്റൈനിൽ 1,400ലധികം പുതിയ കാൻസർ കേസുകളും 4,547 ഡയാലിസിസ് രോഗികളും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം. പാർലമെന്റിൽ എം.പി ജലാൽ കാദിമിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. നാഷനൽ കാൻസർ രജിസ്ട്രിയുടെ കണക്കനുസരിച്ച്, 1,230 കാൻസർ കേസുകൾ ബഹ്റൈൻ പൗരന്മാർക്കിടയിലും 171 കേസുകൾ വിദേശികൾക്കിടയിലുമാണ് റിപ്പോർട്ട് ചെയ്തത്. വൃക്കരോഗബാധിതരായ 4,547 പേർ നിലവിൽ ഡയാലിസിസ് ചികിത്സ തേടുന്നുണ്ട്. ഇതിൽ 4,298 പേർ സ്വദേശികളും 249 പേർ വിദേശികളുമാണ്.
സ്വദേശികൾക്കിടയിൽ പ്രായമായവരിലാണ് കാൻസർ കൂടുതൽ കണ്ടുവരുന്നത്. 535 കേസുകൾ പുരുഷന്മാർക്കും 695 സ്ത്രീകൾക്കുമാണ് കാൻസർ സ്ഥിരീകരിച്ചിട്ടുള്ളത്.ഡയാലിസിസിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ യൂനിറ്റിലും അബ്ദുറഹ്മാൻ കാനു ഡയാലിസിസ് സെന്ററിലുമാണ് പ്രധാനമായും ചികിത്സ നൽകുന്നത്. 2024ൽ മൊത്തം 47,064 തവണ രോഗികൾ ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഈ കേന്ദ്രങ്ങളെ സമീപിച്ചിട്ടുണ്ടായിരുന്നു.
ബഹ്റൈനിൽ ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സക്കായി 2024ൽ 163 കാൻസർ രോഗികളെ വിദേശത്തേക്ക് അയക്കുകയും ചെയ്തു. ഇതിൽ സൗദി അറേബ്യ (58), ജോർഡൻ (44), തുർക്കിയ (42) എന്നിവയാണ് പ്രധാന രാജ്യങ്ങൾ. കൂടാതെ ജർമനി (10), ഇന്ത്യ (5), യുകെ (2), തായ്ലൻഡ് (1), കുവൈത്ത് (1) എന്നിവിടങ്ങളിലേക്കും രോഗികളെ അയച്ചു. 2024ൽ മരണനിരക്കിന്റെ കാര്യത്തിൽ കാൻസർ മൂലം 467 സ്വദേശികളടക്കം 525 പേരും, വൃക്ക തകരാർ മൂലം 65 പേരും മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്തനാർബുദം, പ്രോസ്റ്റേറ്റ്, ഗർഭാശയ ഗള കാൻസർ തുടങ്ങിയവയ്ക്കായി സ്ക്രീനിങ് പരിശോധനകൾ നടത്തുന്നുണ്ട്. പുകയില ഉപയോഗം കുറക്കുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവക്കായി ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നു. കൂടാതെ, HPV, ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുകൾ കാൻസർ സാധ്യത കുറക്കാൻ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൾഫ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള പരിശോധനകളും അതിർത്തികളിൽ കർശന നിരീക്ഷണവും ആരോഗ്യ വിഭാഗം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.