മനാമ: ‘സെലിബ്രേറ്റ് ബഹ്റൈൻ’ സീസണിലെ പ്രധാന പരിപാടികളിലൊന്നായ ഹവാ അൽ മനാമ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു. ജനുവരി പകുതിവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ മനാമ സൂഖിന്റെ സമ്പന്നമായ പൈതൃകം, കല, വിനോദം, സംസ്കാരം എന്നിവ സമന്വയിപ്പിച്ച വിവിധ അനുഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ബഹ്റൈന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിൽ പ്രാദേശിക ടൂറിസം പരിപാടികൾ വഹിക്കുന്ന നിർണായക പങ്ക് ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. ഇത്തരം പരിപാടികൾ പ്രാദേശിക ആഗോള ടൂറിസം കേന്ദ്രമായി ബഹ്റൈനെ ആകർഷകമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഹവാ അൽ മനാമ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പതിപ്പായ ഈ വർഷത്തെ ഫെസ്റ്റിവലിൽ 200ലധികം ബഹ്റൈനി ബിസിനസുകളും 300ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളും ഒരുക്കിയിട്ടുണ്ട് . 250ലധികം സ്വദേശി യുവാക്കളുടെ പങ്കാളിത്തവും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
മനാമ സൂഖും പരിസരപ്രദേശങ്ങളും ഉൾപ്പെടെ അൽ ഖലീഫ അവന്യു, ഹൽവ മ്യൂസിയം, ബാറ്റൽക്കോ ബിൽഡിങ്, അൽ ഫാദൽ സ്ക്വയർ, യതീം കോംപ്ലക്സ് എന്നിവിടങ്ങളിലായി പരിപാടികൾ നടക്കും. പരമ്പരാഗത ഭക്ഷണങ്ങൾ, സ്ട്രീറ്റ് ഫുഡ്, ഹസ്തകലകൾ, സംഗീത പരിപാടികൾ, പഴയകാല സിനിമാനുഭവങ്ങൾ, ക്ലാസിക് കാർ പ്രദർശനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.