മനാമ: ബഹ്റൈനിൽ ഈ വർഷത്തെ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് പ്രമുഖ ജ്യോതിശാസ്ത്ര ഗവേഷകൻ അലി അൽ ഹജാരി അറിയിച്ചു. മാസത്തിലുടനീളം ഏകദേശം 400 മണിക്കൂറോളം വിശ്വാസികൾ വ്രതമനുഷ്ഠിക്കേണ്ടി വരും. ഫെബ്രുവരി 17ന് വൈകുന്നേരം ചന്ദ്രൻ അസ്തമയത്തിനുശേഷം ഒരു മിനിറ്റോളം ദൃശ്യമാകുമെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമായിരിക്കും. അതിനാൽ ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18 റമദാൻ ഒന്നായിരിക്കാനാണ് സാധ്യത.
ബഹ്റൈനിൽ ശരാശരി 13 മണിക്കൂറാണ് പ്രതിദിന വ്രതസമയം. മാസത്തിലുടനീളം ആകെ 398 മണിക്കൂർ 35 മിനിറ്റ് വിശ്വാസികൾ വ്രതമെടുക്കും. മാർച്ച് 20ന് ഈദ് അൽ ഫിത്ർ ആഘോഷിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഈ വർഷം 30 നോമ്പ് ഉണ്ടാവും. റമദാൻ പ്രമാണിച്ച് സ്വദേശി പൗരന്മാർക്കായി വലിയ ആനുകൂല്യങ്ങളാണ് ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കും ഭിന്നശേഷി അലവൻസുകൾക്കും അർഹരായവർക്ക് ഇത്തവണ ഇരട്ടി തുക ലഭിക്കും. റമദാന് മുമ്പു തന്നെ ഈ തുക വിതരണം ചെയ്യാൻ സാമൂഹിക വികസന മന്ത്രാലയത്തിന് നിർദേശം നൽകി. സ്വദേശികളുടെ സ്വന്തം വീടുകൾക്ക് വൈദ്യുതി ചാർജിൽ ഇളവ് നൽകാനും തീരുമാനമായി.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് റമദാൻ മാസത്തിൽ പകൽസമയത്ത് പൊതുസ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ പുകവലിക്കുന്നതോ ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 100 ദീനാർ പിഴയോ ലഭിക്കാം. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും റമദാൻ മാസത്തിന്റെ പവിത്രതയും രാജ്യത്തെ നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.