മനാമ: വിദേശത്ത് ചോരനീരാക്കി പണിയെടുത്തു മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികൾക്ക് താങ്ങാകേണ്ടതായ 'പ്രവാസി പെൻഷൻ' വിതരണത്തിൽ ഗുരുതര വീഴ്ച. പെൻഷൻ കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു.
2024 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെ തുടർച്ചയായി പെൻഷൻ വൈകുന്ന സാഹചര്യത്തിലാണ് നിയമപരമായ ഈ നീക്കം. പെൻഷൻ എന്നത് സർക്കാർ നൽകുന്ന ദാനമോ കരുണയോ അല്ല, മറിച്ച് പ്രവാസികൾ വർഷങ്ങളോളം അടച്ച അംശാദായത്തിന്മേലുള്ള നിയമപരമായ അവകാശമാണ്. ഇതു വൈകിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
പെൻഷൻ ലഭിക്കുന്നവരിൽ ഭൂരിഭാഗവും വയോധികരും രോഗികളുമാണ്. മരുന്ന് വാങ്ങാനും ഭക്ഷണത്തിനും ഈ തുകയെ മാത്രം ആശ്രയിക്കുന്നവർ മാസം പകുതി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ കടുത്ത ദുരിതത്തിലാണ്. ഫണ്ട് ഇല്ലാത്തതിനാലാണ് പെൻഷൻ വൈകുന്നതെന്ന ക്ഷേമ ബോർഡിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് ഹരജിയിൽ പറയുന്നു. സർക്കാറിന്റെ വിഹിതം രണ്ടു ശതമാനത്തിൽനിന്ന് 50 ശതമാനമായി വർധിപ്പിക്കണമെന്ന ശിപാർശകൾ നടപ്പിലാക്കാത്തതും ചോദ്യം ചെയ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് പെൻഷൻ വിതരണം ഉറപ്പാക്കാൻ കോടതി നിർദേശം നൽകണം. ഫണ്ട് പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി 'കന്റിൻജൻസി ഫണ്ട്' രൂപവത്കരിക്കണം എന്നിവയും ആവശ്യമായി ഉന്നയിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് കാട്ടുന്ന ഈ അവഗണന അങ്ങേയറ്റം ഖേദകരമാണ്. കൃത്യസമയത്ത് പെൻഷൻ ഉറപ്പാക്കാൻ നിയമപരമായ പോരാട്ടം തുടരുമെന്ന് അഡ്വ. ജോസ് എബ്രഹാം, സുധീർ തിരുനിലത്ത് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.