ഹരിപ്പാട് സുധീഷ് ഭാവഗായകൻ പി.ജയചന്ദ്രനൊപ്പം
മനാമ: പ്രവാസ ലോകത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഹരിപ്പാട് സുധീഷ്. കർണാടക സംഗീതത്തിൽ 32 വർഷത്തെ പരിചയസമ്പത്തുള്ള സുധീഷ് ബഹ്റൈനിലെ ഐമാക്ക് കൊച്ചിൻ കലാഭവനിൽ ഇപ്പോൾ സംഗീത അധ്യാപകനായി ജോലി ചെയ്യുന്നു.
യുവ സംഗീത സംവിധായകൻ എന്ന നിലയിൽ അറിയപ്പെടുന്ന സുധീഷ് നൂറിലധികം സംഗീത ആൽബങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സുധീഷിന്റെ ഗാനങ്ങളിൽ ഏറെയും ആലപിച്ചിട്ടുള്ളത് ഭാവ ഗായകൻ പി. ജയചന്ദ്രൻ ആണെന്നുള്ള പ്രത്യേകത സുധീഷിന്റെ കരിയറിന്റെ മാറ്റുകൂട്ടുന്നു.
ഭക്തി ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, ഉത്സവ ഗാനങ്ങൾ, സെമി ക്ലാസിക്കൽ ഗാനങ്ങൾ എന്നിങ്ങനെ നീളുന്നു സുധീഷിന്റെ സംഭാവനകൾ. മറ്റ് പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ശ്വേത മോഹൻ, ചിത്ര അരുൺ, വൃന്ദ മേനോൻ, സ്നേഹ ദീപക്, സോണി മോഹൻ തുടങ്ങി നിരവധി ഗായകർ സുധീഷിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ഭാവ ഗായകന്റെ കൂടെ നിരവധി വേദികളിൽ പാടിയിട്ടുള്ള സുധീഷ് അദ്ദേഹത്തിന് നിരവധി ഗാനങ്ങൾ ട്രാക്ക് പാടിയിട്ടുണ്ട്.സുധീഷിന്റെ ശൈലിയുടെ സവിശേഷത എടുത്തു പറഞ്ഞ് ഗുരുസ്ഥാനീയനായ ഭാവഗായകൻ അഭിനന്ദിച്ചത് ഈ യുവ ഗായകൻ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. ജയചന്ദ്രനുമായി സുധീഷിന് 22 വർഷത്തെ ആത്മബന്ധം ഉണ്ട്.
പ്രശസ്ത സംഗീത വിദ്വാൻ ഹരിപ്പാട് ഗോപിനാഥന്റെയും ഹരിപ്പാട് സി.ജി. വിനോദ് കുമാറിന്റെയും ശിക്ഷണത്തിലാണ് സുധീഷ് സംഗീതം അഭ്യസിച്ചത്. സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നും ഗാനഭൂഷണം പാസായ സുധീഷ് ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളിൽ സംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയിൽ നിന്നും ലഭിച്ച ആസ്ഥാന വിദ്വാൻ പദവി അംഗീകാരങ്ങളുടെ പട്ടികയിൽ വേറിട്ടുനിൽക്കുന്നു.ഹരിപ്പാട് പിലാപ്പുഴ ഉദയശ്രീയിൽ പരേതനായ ജി. സുകുമാരൻ നായരുടെയും റിട്ട. ഹെഡ്മിസ്ട്രസ് ടി. സരോജിനി അമ്മയുടെയും മകനാണ് സുധീഷ്. ചുനക്കര വരയണ്ണൂർ വീട്ടിൽ രമ്യയാണ് ഭാര്യ. സംഗീത വഴിയിൽ ഗുരുക്കന്മാരും ഭാര്യയുടെ പ്രാർഥനയും പിന്തുണയുമാണ് തന്റെ പിൻബലമെന്ന് സുധീഷ് പറയുന്നു.ബഹ്റൈനിൽ എത്തിയിട്ട് രണ്ട് വർഷം ആകുന്നു.അതിനുമുമ്പ് പത്ത് വർഷം ഖത്തർ കലാമണ്ഡലത്തിൽ സംഗീത അധ്യാപകൻ ആയിരുന്നു.ജയചന്ദ്രൻ ആലപിച്ച ഒരു പ്രണയഗാനവും, സുധീഷിന്റെ പ്രിയ ശിഷ്യയും ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ എൻ.എസ്. പ്രിയംവദ ആലപിച്ച വന്ദേ ബാലഗോപാലം എന്ന ഭക്തിഗാന ആൽബവുമാണ് ഇനിയും റിലീസ് ആകാനുള്ള ആൽബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.