മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽനിന്ന് രാജ്യങ്ങൾക്കായുള്ള സുരക്ഷയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുന്നതിനായി നയതന്ത്ര പരിഹാരങ്ങളും ചർച്ചകളും നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കഴിഞ്ഞ ദിവസം പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഹമദ് രാജാവ് നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ സമഗ്രവും ശാശ്വതവുമായ പരിഹാരം സമാധാനം കൈവരിക്കാനാകുമെന്ന പ്രത്യാശയും ഹമദ് രാജാവ് പ്രകടിപ്പിച്ചു. ബഹ്റൈനും റഷ്യയും തമ്മിലുള്ള ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും രാജാവ് എടുത്തുപറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ ബഹ്റൈന്റെ പ്രതിനിധികളായി പങ്കെടുത്ത യുവജന കാര്യ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയോടും സംഘത്തോടും പുലർത്തിയ ആതിഥ്യമര്യാദക്ക് ഹമദ് രാജാവ് പുടിന് നന്ദി അറിയിച്ചു.
ഈ വർഷം ഒക്ടോബറിൽ മോസ്കോയിൽ നടക്കാനിരിക്കുന്ന ആദ്യ അറബ്- റഷ്യൻ ഉച്ചകോടിയുടെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. ആഗോള ഊർജ, സമുദ്ര ഗതാഗത മേഖല നേരിടുന്ന വർധിച്ചുവരുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രസിഡന്റ് പുടിന്റെ പങ്കിനെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. ബഹ്റൈനും റഷ്യയും തമ്മിലുള്ള ദൃഢബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ പുടിനും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.