മനാമ: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ സെപ്തംബർ മൂന്നിന് ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി. haj.gov.bh എന്ന ഔദ്യോഗിക ഹജ്ജ് പോർട്ടൽ വഴി ഇലക്ട്രോണിക് കീ പ്ലാറ്റ്‌ഫോമിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സെപ്റ്റംബർ 16 ചൊവ്വാഴ്ച അർദ്ധരാത്രി വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടാകും. ഹജ്ജ് രജിസ്ട്രേഷൻ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനും കൂടുതൽ സുഗമമായ സേവനങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള ഹജ്ജ് പ്ലാറ്റ്‌ഫോമിലെ പുതിയ മാറ്റങ്ങളും കമ്മിറ്റി അവലോകനം ചെയ്തു. ഈ പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് അവരുടെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ലഭ്യമായ ഹജ്ജ് ഗ്രൂപ്പുകളുടെ ഓഫറുകൾ കാണാനും അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും സാധിക്കും.
അപേക്ഷകർ ഇ-കീ 2.0 ആപ്ലിക്കേഷനിൽ ആദ്യം രജിസ്റ്റർ ചെയ്യാനും bahrain.bh എന്ന ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി അവരുടെ വ്യക്തിഗത വിവരങ്ങൾ "ഇശാറാത്ത്" എന്ന നാഷണൽ ഗവൺമെന്റ് നോട്ടിഫിക്കേഷൻ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാനും കമ്മിറ്റി ആവശ്യപ്പെട്ടു. സാധുവായ ഐ.ഡി കാർഡ് നിർബന്ധമാണ്. ഒരു അപേക്ഷയിൽ നാല് കുടുംബാംഗങ്ങളെ വരെ ഉൾപ്പെടുത്താം. അംഗീകൃത ഹജ്ജ് ഗ്രൂപ്പുകൾ അവരുടെ സേവനങ്ങളും പാക്കേജുകളും പ്ലാറ്റ്‌ഫോമിൽ പൂർത്തിയാക്കി അപേക്ഷകർക്ക് പരിശോധിക്കാൻ സൗകര്യമൊരുക്കും.
രജിസ്ട്രേഷൻ കാലാവധി അവസാനിച്ച ശേഷം, അർഹരായ അപേക്ഷകർക്ക് മുൻഗണന, ആദ്യം വരുന്നവർക്ക് ആദ്യം എന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അംഗീകാരം ലഭിച്ചതായി അറിയിക്കും. അതിനുശേഷം ഹജ്ജ് ഗ്രൂപ്പുകൾക്ക് അവരുടെ പാക്കേജുകളും വിലകളും പ്രഖ്യാപിക്കാൻ ആവശ്യമായ സമയം ലഭിക്കും. ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.