മനാമ: ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ജോലി ഒഴിവുകളോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്ന വ്യാജ കമ്പനികളുടെ പരസ്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലിസ്റ്റുചെയ്ത എല്ലാ കമ്പനികളും ബഹ്റൈന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്വകാര്യ മേഖലയിലെ ബഹ്റൈൻ സ്വദേശികൾക്കുള്ള തൊഴിൽ ഒഴിവുകളുടെ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
പ്ലാറ്റ്ഫോമിൽ ഒഴിവുകൾ നൽകുന്ന കമ്പനികളെ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സൂക്ഷ്മമായി പരിശോധിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.വ്യാജ തൊഴിൽ അല്ലെങ്കിൽ പരിശീലന അവസരങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ ലഭിച്ചാൽ പൊതുജനങ്ങൾ മന്ത്രാലയത്തെ അറിയിക്കണം. ബഹ്റൈൻ സ്വദേശികളെ ചൂഷണത്തിനിരയാക്കുന്ന വർധിച്ചുവരുന്ന തട്ടിപ്പുകളെക്കുറിച്ച് പാർലമെന്റിൽ ആശങ്കകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ പ്രതികരണം.
ഇത്തരം ആശങ്കകൾ അറിയിക്കാൻ 80008001 എന്ന നമ്പറിൽ തവാസുലുമായി ബന്ധപ്പെടുകയോ, molcomplaint@mol.gov.bh വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ, മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.