മനാമ: അഞ്ചാമത് ആഗോള സംരംഭകത്വ ഫോറം 2024 ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ഫോറത്തിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അബുൽ ഗൈഥ്, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, ക്ഷണിക്കപ്പെട്ടവർ, സംരംഭകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 33ാമത് അറബ് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു സംരംഭകത്വ ഫോറം സംഘടിപ്പിച്ചത്.
യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിലുള്ള ടെക്നോളജി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഓഫിസാണ് ഫോറം സംഘടിപ്പിച്ചത്. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ്, അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് കൗൺസിൽ, അറബ് ചേംബർ യൂനിയൻ, ആഫ്രിക്കയിലെ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് ബാങ്ക്, ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫോറം. 2050ലെ ലോകം എന്ന വിഷയത്തിൽ ചർച്ചകളും നടന്നു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യം നേടുന്നതിന് ബഹ്റൈൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ധനകാര്യ മന്ത്രി വിശദീകരിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനങ്ങൾ ഇലക്ട്രോണിക്വത്കരിക്കുന്നതടക്കമുളള കാര്യങ്ങളിൽ വേഗം കൈവരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സ്പോയും ധനകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു.
സംരംഭകത്വ മേഖലയിൽ മികവ് തെളിയിച്ച ഡോ. ശൈഖ മയ് ബിൻത് സുലൈമാൻ അൽ ഉതൈബി, സഫിയ അലി കാനൂ, മികച്ച ഡിസൈനറായ അമ്മാർ ബഷീർ എന്നിവരെ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.