ജി.സി.സി-യു.എസ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സൗഹൃദ സംഭാഷണം നടത്തുന്ന ഹമദ് രാജാവ്. കിരീടാവകാശി സമീപം
മനാമ: അമേരിക്കയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനം പ്രകടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. റിയാദിൽ നടന്ന ജി.സി.സി-യു.എസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ആഗോള സുരക്ഷ വർധിപ്പിക്കുന്നതിന് യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപടയുമായുള്ള ബഹ്റൈന്റെ സഹകരണത്തെ ഹമദ് രാജാവ് എടുത്തുപറഞ്ഞു. സംരക്ഷണത്തോടൊപ്പം സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പ്രധാന തൂണാണ് രണ്ട് രാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ യു.എസുമായുള്ള ബഹ്റൈന്റെ വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയം ഹമദ് രാജാവ് അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, മറ്റു ഉന്നതർ എന്നിവർ ഹമദ് രാജാവിനെ അനുഗമിച്ച് ഉച്ചകോടിയിലെത്തിയിരുന്നു. സിറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധം നീക്കിയ ട്രംപിന്റെ തീരുമാനത്തെയും കൂടാതെ മിഡിൽ ഈസ്റ്റിലേയും ലോകമെമ്പാടുമുള്ള സമാധാനം നിലനിർത്താനും ശക്തിപ്പെടുത്താനും സംഘർഷങ്ങൾ പരിഹരിക്കാനുമുള്ള യു.എസിന്റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു.
കഴിഞ്ഞ മേയിൽ ബഹ്റൈനിൽ നടന്ന അറബ് ഉച്ചകോടിയിൽ നേതാക്കൾ അറിയിച്ച സമാധാനത്തിനായുള്ള ആഹ്വാനവുമായി യു.എസിനെ ഈ നിലപാടുകൾ യോജിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും പ്രാദേശിക, അന്തർദേശീയ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്കും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഹമദ് രാജാവ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.