മനാമ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ. ഗസ്സയുടെ ഭരണത്തിനായി താൽക്കാലിക സംവിധാനമെന്ന നിലയിൽ ‘നാഷനൽ കമ്മിറ്റി ഫോർ അഡ്മിനിസ്ട്രേഷൻ’ രൂപവത്കരിച്ചതിനെയും ബഹ്റൈൻ പിന്തുണച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യു.എസ് പ്രസിഡന്റ് രൂപവത്കരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
ഗസ്സയിൽ നിലവിലുള്ള വെടിനിർത്തൽ ദീർഘകാലത്തേക്ക് നിലനിർത്തേണ്ടതിന്റെ ആവശ്യകത രാജ്യം ആവർത്തിച്ചു പറഞ്ഞു.
ദുരിതമനുഭവിക്കുന്ന സിവിലിയന്മാർക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യുദ്ധം തകർത്ത ഗസ്സയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക വീണ്ടെടുക്കലിനും ഉടനടി തുടക്കംകുറിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, സ്വതന്ത്രമായ രണ്ട് രാഷ്ട്രങ്ങൾ എന്ന പരിഹാരത്തിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമാധാനം ഉറപ്പാക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ ഈ സമാധാന നീക്കങ്ങൾ അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.