ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ ഗാന്ധിജി രക്തസാക്ഷിത്വ ദിന അനുസ്മരണം
മനാമ: ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യയുടെ വികസനം എന്നത് ഗ്രാമീണ ഇന്ത്യയുടെ ശാക്തീകരണവും സ്വയംഭരണവും ആയിരുന്നുവെന്ന് ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ന് വികസനം എന്ന് പറഞ്ഞു നാട്ടിൽ നടക്കുന്നത്, നാട്ടിലെ പാവപ്പെട്ട ജനതയെ പാടേ മറന്നുകൊണ്ട് സമൂഹത്തിലെ ഉപരിവർഗത്തിനും മധ്യവർഗത്തിനും വേണ്ടി മാത്രമുള്ളതാണ്. ഗ്രാമീണ ജനതയാണ് ഇന്ത്യയുടെ ആത്മാവ്.
ഗാന്ധിജിയുടെ സ്വപ്നം പോലെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നടപ്പാക്കി എങ്കിലും ഗ്രാമീണ ജനതക്ക് തൊഴിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കാൻ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല. അതിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനം ആണ് മഹാത്മജി വിഭാവനം ചെയ്തത്.
സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ വർഗീയ തീവ്രവാദി ആക്രമണം ആയിരുന്നു മഹാത്മജിയുടെ കൊലപാതകം. അധികാരത്തിന്റെ എല്ലാ മേഖലകളിൽനിന്നും മാറിനിന്ന മഹാത്മജി കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ ഭാവി മറ്റൊന്ന് ആകുമായിരുന്നു എന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി സൈദ് എം.എസ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ, സെക്രട്ടറി നെൽസൺ വർഗീസ്, നേതാക്കളായ പി.ടി. ജോസഫ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കളായ കുഞ്ഞുമുഹമ്മദ്, അനിൽ കുമാർ കൊടുവള്ളി, ബെന്നി പാലയൂർ, ജെയ്സൺ മഞ്ഞലി, ജെയ്സൺ ഡേവിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.