മമ്മുണ്ണി മൗലവിയുടെ നിര്യാണത്തിൽ ഫ്രൻഡ്സ് അസോസിയേഷൻ അനുശോചിച്ചു

മനാമ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന കെ.കെ മമ്മുണ്ണി മൗലവിയുടെ നിര്യാണത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ആറ് പതിറ്റാണ്ടുകാലം വിശ്രമമില്ലാതെ വിദ്യാഭ്യാസ, സേവന മേഖലകളിലും, അനാഥകളുടെയും അഗതികളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കാനും തന്റെ ജീവിതം പൂർണമായി സമർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹം. 1965-ൽ ശാന്തപുരം അൽ ജാമിഅയിലെ പഠന ശേഷം ആരംഭിച്ച അദ്ദേഹത്തിൻ്റെ യാത്ര കേരളത്തിന്റെ ഗ്രാമാന്തരങ്ങൾ മുതൽ വടക്കേയിന്ത്യൻ ഗ്രാമങ്ങളിൽ വരെ വിദ്യാഭ്യാസ-സാമൂഹിക പുനരധിവാസ പ്രവർത്തനങ്ങളായി പടർന്നുപന്തലിച്ചു.

അനാഥർക്കും അഗതികൾക്കും തണലൊരുക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്. പത്തിരിപ്പാല മൗണ്ട് സീന, വാടാനപ്പള്ളി ഓർഫനേജ് അടക്കമുള്ള സ്ഥാപനങ്ങളിലൂടെ നൂറുകണക്കിന് അനാഥ കുട്ടികൾക്ക് പിതാവിന്റെ വാത്സല്യവും ജീവിതത്തിന് പുതിയ വെളിച്ചവും പകർന്നുനൽകാൻ അദ്ദേഹത്തിന് സാധിച്ചു.

ഏതൊരു വലിയ ഉത്തരവാദിത്തത്തിനിടയിലും ലളിതജീവിതവും വിനയവും ആയിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. താനുമായി ബന്ധപ്പെട്ട മുഴുവൻ മനുഷ്യരോടും കാണിച്ച ആത്മബന്ധവും ഒടുങ്ങാത്ത കർമനൈരന്തര്യവും വരും തലമുറക്ക് വലിയൊരു പാഠമാണ് അദ്ദേഹം പകർന്നു നൽകിയിട്ടുള്ളതെന്ന് അനുശോചന കുറിപ്പിൽ അനുസ്മരിച്ചു. അനാഥരുടെയും മർദ്ദിതരുടെയും കണ്ണീരൊപ്പിയ ആ കൈകൾ തീർത്ത നന്മയുടെ വഴികൾ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും. മൗലവിയുടെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത ഏറെ വലുതാണെന്ന് ഓർമിക്കുകയും ചെയ്തു.

Tags:    
News Summary - Friends Association mourns the passing of Mammunni Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.