പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘ഗുരു ഓർമകൾ’ സംഗമം
നവോത്ഥാന ആശയങ്ങൾക്ക് കാലാനുസൃതമായ തുടർച്ച അനിവാര്യം: ‘ഗുരു ഓർമകൾ’ സംഗമം
മനാമ: ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച നവോത്ഥാന ആശയങ്ങൾക്ക് കാലാനുസൃതമായ തുടർച്ചകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം. ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈൻ സംഘടിപ്പിച്ച ‘ഗുരു ഓർമകൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ കേവലം ചരിത്രസ്മരണകളിൽ ഒതുക്കാതെ, സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പുതിയ മുന്നേറ്റങ്ങൾക്ക് രൂപം നൽകണം. സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരെ അറിവ്, വിദ്യാഭ്യാസം, സംഘടന, സാമൂഹിക ഇടപെടൽ എന്നിവ ഉയർത്തിപ്പിടിച്ചാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.
മനുഷ്യനെ കേന്ദ്രമാക്കിയുള്ള ഗുരുദർശനം പുതിയ തലമുറയുടെ ചിന്തയിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് നവോത്ഥാനത്തിന്റെ തുടർച്ച യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യസമത്വം, വിദ്യാഭ്യാസം, സാമൂഹിക നീതി, സഹോദര്യം, മതസൗഹാർദം എന്നീ മൂല്യങ്ങൾക്ക് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ റിഫ സോണൽ വൈസ് പ്രസിഡന്‍റ് ഫസൽ റഹ്മാൻ സ്വാഗതവും മനാമ സോണൽ സെക്രട്ടറി അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. അനസ് കാഞ്ഞിരപ്പള്ളി, മൊയ്തു തിരുവള്ളൂർ, അനിൽ ആറ്റിങ്ങൽ, അമീൻ ആറാട്ടുപുഴ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.