വൈദ്യുതി ബില്ലുകളിൽ പരാതിയുണ്ടെങ്കിൽ അന്തിമ തീരുമാനമാകുന്നത് വരെ വൈദ്യുതി വിച്ഛേദിക്കരുത്
മനാമ: വലിയ തുകയുടെ വൈദ്യുതി ബില്ലുകളിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയാൽ അന്തിമ തീരുമാനമാകുന്നത് വരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തടയാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചു. അഞ്ചു എം.പിമാർ ചേർന്നാണ് 1996-ലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന പുതിയ ബില്ല് സമർപ്പിച്ചത്.
സ്ട്രാറ്റജിക് തിങ്കിങ് വക്താവ് എം.പി ഖാലിദ് ബുഅനഖിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പ്രമേയം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം കൂടുതൽ പഠനങ്ങൾക്കായി പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവിറോൺമെന്റ് അഫയേഴ്സ് കമ്മിറ്റിക്ക് കൈമാറി. സാധാരണയിൽ കവിഞ്ഞ തുക ബില്ലായി വരുമ്പോൾ അത് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാനും ബില്ല് ചോദ്യം ചെയ്യാനുള്ള വ്യക്തമായ സൗകര്യം ഒരുക്കാനും നിർദ്ദേശം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (ഇവ) ആവശ്യപ്പെടുന്നു. മീറ്റർ റീഡിംഗിലെ തെറ്റുകൾ, കണക്കുകൂട്ടലിലെ അപാകതകൾ, സാങ്കേതിക തകരാറുകൾ എന്നിവ തെളിയിക്കപ്പെട്ടാൽ ബില്ല് പുനഃക്രമീകരിക്കാനും അധികമായി ഈടാക്കിയ തുക തിരികെ നൽകാനോ തുടർന്നുള്ള ബില്ലുകളിൽ വകയിരുത്താനോ ഇതിൽ വ്യവസ്ഥയുണ്ട്.
നിലവിലെ സംവിധാനമനുസരിച്ച് ബില്ലിനെതിരെ പരാതി നൽകണമെങ്കിലും ആദ്യം തുക അടയ്ക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. എന്നാൽ പുതിയ ഭേദഗതി പ്രകാരം പരാതി തീർപ്പാക്കുന്നത് വരെ മുൻവർഷത്തെ ശരാശരി ഉപയോഗത്തിന് സമാനമായ തുക അടക്കാൻ തയ്യാറായാൽ വൈദ്യുതി വിച്ഛേദിക്കരുത്.
ഉപഭോക്താക്കളെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കാനല്ല, മറിച്ച് തുക ഈടാക്കാനുള്ള മന്ത്രാലയത്തിന്റെ അവകാശവും കൃത്യവും സുതാര്യവുമായ ബില്ല് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് എം.പിമാർ വ്യക്തമാക്കി.
വൈദ്യുതി എന്നത് ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അത്യന്താപേക്ഷിത സേവനമാണെന്നും ബില്ല് വിച്ഛേദിക്കുന്നതിന് മുൻപ് ബില്ല് കൃത്യമാണോ എന്ന് പരിശോധിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്നും എം.പിമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.