‘പൊന്നൊഴുകി വന്ന കാലം’ പ്രകാശനം ചെയ്തു
മനാമ: ഗൾഫ് ജീവിതത്തിന്റെ ചരിത്രവും സാമൂഹിക യാഥാർഥ്യങ്ങളും അടയാളപ്പെടുത്തുന്ന ഇ. എ. സലീമിന്റെ ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിന്റെ ബഹ്റൈൻ പ്രകാശനം കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടന്നു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യ-സാംസ്കാരിക-കലാ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഇഷ ആഷിക്കിന്റെയും മാസ്റ്റർ ഐഡൻ ഷിബുവിന്റെയും ഹൃദ്യമായ കവിതാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സലാം ബഹ്റൈൻ സ്ഥാപക മീര രവിക്ക് പുസ്തകം കൈമാറി അദ്ദേഹം നോവലിന്റെ പ്രകാശനം നിർവഹിച്ചു.
ബി.കെ.എസ് സാഹിത്യവേദി സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സമാജം ലൈബ്രറിയിലേക്കുള്ള രണ്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അനീഷ് നിർമ്മലൻ പുസ്തകപരിചയവും സ്വപ്ന വിനോദ് വായനാനുഭവവും പങ്കുവെച്ചു. ഗൾഫ് മേഖലയിലെ ക്രൂഡ് ഓയിൽ ക്യാപിറ്റലിസവും അതിന്റെ ചരിത്രവും അതിനിടയിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളും ജീവിതയാഥാർഥ്യങ്ങളും ആവിഷ്കരിക്കുന്ന നോവൽ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ വായനാനുഭവമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സാഹിത്യവും ചരിത്രവും മനുഷ്യജീവിതവും ഇഴചേർന്നുനിൽക്കുന്ന കൃതിയെ പരിചയപ്പെടുത്തുന്ന ചടങ്ങ്, ബഹ്റൈനിലെ മലയാളി സാഹിത്യപ്രേമികളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. നിറഞ്ഞ സദസ്സിന് സാഹിത്യവേദി കൺവീനർ ആദർശ് മാധവൻകുട്ടി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.