ബഹ്റൈൻ ഖത്തർ മത്സരത്തിനിടെ
ഗൾഫ് കപ്പ്; ആദ്യ അങ്കത്തിൽ വീണ് ബഹ്റൈൻ, ഖത്തറിനെതിരെ (2-0) യാണ് തോൽവി
മനാമ/ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നടക്കുന്ന 27-ാമത് ഗൾഫ് കപ്പ് ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഖത്തറാണ് ബഹ്‌റൈനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ബൗലെം ഖൂഖി, ഹസ്സൻ അൽ ഹൈദോസ് എന്നിവരാണ് ഖത്തറിനായി ഗോളുകൾ നേടിയത്. കളി അവസാനിക്കാറായ ഘട്ടത്തിൽ ഇരു ടീമുകളിലെയും ഓരോ കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പുതിയ വൈറ്റ് കിറ്റിൽ കളത്തിലിറങ്ങിയ ബഹ്‌റൈൻ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗോൾ അവസരങ്ങൾ ഒരുക്കുന്നതിൽ പിന്നിലായിരുന്നു.
മത്സരത്തിന്റെ 61-ാം മിനിറ്റിൽ ഖത്തർ നായകൻ അക്രം അഫീഫിന്റെ പാസിൽ നിന്ന് ബൗലെം ഖൂഖിയാണ് ബഹ്റൈന്‍റെ വല ആദ്യം കുലുക്കിയത്. 70-ാം മിനിറ്റിൽ അബ്ബാസ് അൽ അസ്ഫൂറിനെ ഫൗൾ ചെയ്തതിന് ഖത്തറിന്റെ അഹമ്മദ് ഫത്തി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും, ഒരാൾ കുറഞ്ഞ എതിരാളികൾക്കെതിരെ അവസരം മുതലാക്കാൻ ബഹ്‌റൈനായില്ല. തുടർന്ന് മത്സരത്തിന്റെ അവസാന മിനിറ്റിൽ ഖത്തർ താരം ഹസ്സൻ അൽ ഹൈദോസിനെ വീഴ്ത്തിയതിന് ബഹ്‌റൈന്റെ അബ്ബാസ് അൽ അസ്ഫൂറും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽ ഹൈദോസ് ഖത്തറിന്റെ വിജയം ഉറപ്പിച്ചു.
ഞായറാഴ്ച യു.എ.ഇക്കെതിരെയാണ് ബഹ്‌റൈന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ യെമനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് യു.എ.ഇ തകർത്തിരുന്നു. അടുത്ത ബുധനാഴ്ച യെമനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ബഹ്‌റൈന്റെ അവസാന മത്സരം. പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ബഹ്റൈന്‍റെ ബാക്കിയുള്ള മത്സരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.