മനാമ: ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കൾചറൽ എക്സിബിഷൻ ഡിസംബർ 15ന് ആരംഭിക്കും. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എക്സിബിഷൻ അൽ അഹ്ലി ക്ലബിൽ പ്രത്യേകം തയാറാക്കിയ പവിലിയനിലാണ് നടക്കുക. ബഹ്റൈൻ -അറബ് സാംസ്കാരിക തനിമയെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് 'ഇൻസ്പയർ' എന്ന തലക്കെട്ടിൽ നാലു ദിവസം നീളുന്ന എക്സിബിഷൻകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ, വിർച്വൽ റിയാലിറ്റി ഡിസ്പ്ലേ, കാർട്ടൂൺ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ പ്രേക്ഷകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
എക്സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്പെഷലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബൗൺസി കാസിൽ, ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാസദസ്സുകൾ എന്നിവയും നടക്കും.
എക്സിബിഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി ഫ്രൻഡ്സ് നേതാക്കൾ ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മജ്ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഫ്രൻഡ്സ് വൈസ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ്, എക്സിബിഷൻ പ്രൊഡക്ഷൻ കൺവീനർ മജീദ് തണൽ എന്നിവർ പങ്കെടുത്തു. കോൺവെക്സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് എക്സിബിഷൻ കോഓഡിനേറ്റർ സാജിറും ജനറൽ കൺവീനർ മുഹമ്മദ് മുഹ്യിദ്ദീനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.