പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുനീക്കുന്നു
മനാമ: പൊളിഞ്ഞുവീഴാറായ നാലു കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതായി കാപിറ്റൽ മുനിസിപ്പൽ അധികൃതർ അറിയിച്ചു. അദ്ലിയയിലെ ടൂറിസം മേഖലയായ 338ാം നമ്പർ ബ്ലോക്കിലെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. കൂടാതെ, 30 ലോഡ് മാലിന്യങ്ങളും നീക്കം ചെയ്തു. നേരത്തേ 25 ലോഡ് കാർഷിക മാലിന്യങ്ങളും കെട്ടിട നിർമാണ മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. കാപിറ്റൽ മുനിസിപ്പൽ പരിധിയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും മതിലുകളും കണ്ടെത്തുന്നതിനും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഉപയോഗ യോഗ്യമാക്കുന്നതിനും പദ്ധതിയുണ്ട്. രാജ്യത്തിന്റെ തലസ്ഥാന നഗരിയെന്ന നിലക്ക് മനാമ വിനോദസഞ്ചാര പ്രാധാന്യമുള്ളതാണെന്നും അതിനാൽ ശുചിത്വവും വെടിപ്പും നിലനിർത്തുന്നതിന് പ്രത്യേകം ശ്രദ്ധ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. പൊളിഞ്ഞുവീഴാറായതോ പൊട്ടിപ്പൊളിഞ്ഞതോ ആയ കെട്ടിടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടമകൾക്ക് അവ നേരെയാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. നിശ്ചിത സമയത്തിനകം ഉടമകൾ കെട്ടിടം പുനരുദ്ധരിച്ചില്ലെങ്കിൽ അവ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.