മനാമ: ബഹ്റൈനിലെ മുൻ നയതന്ത്രജ്ഞൻ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) നിര്യാതനായി. രാജ്യത്തിനായി നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ സാമ്പത്തികകാര്യ ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
1932ൽ മനാമയിലാണ് ജനനം. അൽ ജാഫരിയ്യ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1957ൽ കെയ്‌റോ സർവകലാശാലയിൽ നിന്ന് ഓഡിറ്റിങ്ങിൽ ബിരുദം നേടി. ശേഷം നയതന്ത്ര മേഖലിയിൽ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അധ‍്യാപനം, ബാങ്കിങ്, വാണിജ്യം എന്നിവയിൽ തന്റെ പ്രഫഷണൽ ജീവിതം ആരംഭിച്ചിരുന്നു.
1975-1977 കാലയളവിൽ ഇറാഖിലേക്കുള്ള ബഹ്‌റൈന്റെ ആദ്യത്തെ അംബാസഡർ എക്‌സ്‌ട്രാ ഓർഡിനറി ആൻഡ് പ്ലീനിപൊട്ടൻഷ്യറി ആയി നിയമിതനായത് മുതലാണ് നയതന്ത്ര മേഖലയിൽ തന്‍റെ ജീവിതം ആരംഭിച്ചത്. ശേഷം ഫ്രാൻസ്, സ്പെയിൻ, യു.കെ എന്നിവിടങ്ങളിലെ ബഹ്‌റൈന്റെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1999ൽ ഇറാനിലെ സേനവനങ്ങൾക്ക് ശേഷം 2001ൽ 72-ാം വയസ്സിലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.
രാജ്യത്ത് വാണിജ്യ വിദ്യാഭ്യാസം സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കുവൈത്ത് സായുധ സേനക്കായി ഒരു പുതിയ അക്കൗണ്ടിങ് സംവിധാനം വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്‍റെ കരങ്ങളുണ്ടായിരുന്നു. ഫിനാൻഷ്യൽ ഓവർസൈറ്റ് ആൻഡ് ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കുകയും അതിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.