ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറിന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ആദരവ് കൈമാറുന്നു
മനാമ: ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി.
നയതന്ത്ര കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് യാത്രയയപ്പ് നൽകിയത്. ബഹ്റൈനും ഫലസ്തീനും തമ്മിലുള്ള ദീർഘകാലമായുള്ള സഹോദര തുല്യമായ ബന്ധത്തെ അൽ സയാനി പ്രശംസിച്ചു. വിവിധ മേഖലകളിലെ സ്ഥിരമായ വളർച്ചയും സഹകരണവും അദ്ദേഹം എടുത്തു പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുവായ താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി അവയെ വിശാലമായ നിലയിലേക്ക് ഉയർത്തുന്നതിനുമായി അംബാസഡർ അബ്ദുൽ ഖാദർ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. വരാനിരിക്കുന്ന മറ്റു നയതന്ത്ര ദൗത്യങ്ങളിൽ വിജയമാശംസിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ശക്തമായ ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച അംബാസഡർ ബഹ്റൈനിൽ തുടർന്ന കാലത്ത് തനിക്ക് കിട്ടിയ പിന്തുണക്കും സ്നേഹത്തിനും വിദേശകാര്യ മന്ത്രിക്കും ബഹ്റൈനിലെ മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.