മനാമ: ഫ്രാൻസിൽ നടന്ന ഫ്ലോറാക് ഇന്റർനാഷനൽ റേസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബഹ്റൈന്റെ റോയൽ എൻഡുറൻസ് ടീം.160 കിലോമീറ്റർ കുതിരയോട്ട മത്സരത്തിൽ ബഹ്റൈൻ ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഫ്രഞ്ച് റൈഡറായ മായ് മനേവാസിയേർ ഒന്നാം സ്ഥാനം നേടിയ മത്സരത്തിൽ, ബഹ്റൈൻ ടീമിന്റെ ജോക്കി ഹമദ് അൽ ജനാഹിയും അദ്ദേഹത്തിന്റെ കുതിരയായ എസ്.ഡബ്ല്യു എസെക്വീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതേസമയം, ജോക്കി അബ്ദുർ റഹ്മാൻ അൽ ഖത്രിയെ സാങ്കേതികപരമായ കാരണങ്ങളാൽ ജഡ്ജിങ് പാനൽ മത്സരത്തിൽനിന്ന് അയോഗ്യനാക്കിയിരുന്നു.ഫ്ലോറാക്കിൽനിന്ന് ആരംഭിച്ച് നാല് ഫ്രഞ്ച് നഗരങ്ങളിലൂടെ കടന്നുപോയ ഈ മത്സരം ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്നു.
മലനിരകളിലൂടെയും ദുർഘടമായ താഴ്വരകളിലൂടെയും റൈഡർമാർ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്.രാജകീയ സ്റ്റേബിൾസിന്റെയും റോയൽ എൻഡുറൻസ് ടീമിന്റെയും ജനറൽ മാനേജറായ ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ ഈ നേട്ടത്തെ അഭിനന്ദിച്ചു. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലെ ടീമിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും യുവ റൈഡർമാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ടീമിന്റെ തന്ത്രത്തിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്ലോറാക് റേസിൽ മികച്ച വിജയം നേടുന്നത് ടീമിന് വലിയ തുടർന്നുവരുന്ന രാജ്യാന്തര മത്സരങ്ങൾക്കുള്ള പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.