മനാമ: ബോഡിംങ് പാസ് എടുത്തശേഷം യഥാസമയം വിമാനത്തിൽ കയറാൻ കഴിയാത്ത കാരണം മലയാളി അനുഭവിച്ചത് രണ്ടുനാളത്തെ തീരാദുരിതം.
തുടർന്ന് വീണ്ടും ടിക്കറ്റ് എടുക്കാനോ ഭക്ഷണം കഴിക്കാനോ പണമില്ലാതെ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങിയ കോഴിക്കോട് പയ്യോളി സ്വദേശി യൂസഫിനാണ് ബുദ്ധിമുട്ട് നേരിട്ടത്. ഇന്ത്യൻ സ്വകാര്യ വിമാനകമ്പനിയിൽ ആഗസ്റ്റ് 27 ന് രാത്രിയാണ് ഇദ്ദേഹം കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തത്. വിമാനം പുറപ്പെട്ടതറിഞ്ഞ് ഇദ്ദേഹം വിമാനകമ്പനിയുടെ കൗണ്ടറിൽ പരാതിപ്പെട്ടപ്പോൾ, നിരവധി പ്രാവശ്യം പേര് അനൗൺസ്മെൻറ് ചെയ്തിരുന്നതായും ആളെ കാണാത്തതിനാൽ വിമാനം പുറപ്പെട്ടതാണെന്നും മറുപടി ലഭിച്ചു.
25 വർഷം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച യൂസഫ് വിസ റദ്ദാക്കിയായിരുന്നു നാട്ടിലേക്ക് പോകാൻ എത്തിയത്. കൈയിൽ പണം കരുതിയിട്ടില്ലെന്നും തനിക്ക് ഭക്ഷണം പോലും കഴിക്കാനോ ടിക്കറ്റ് വീണ്ടും എടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് താൻ വിമാന കമ്പനി ജീവനക്കാരോട് പറഞ്ഞുവെങ്കിലും മറുപടി ലഭിച്ചില്ലെന്ന് യൂസഫ് പറയുന്നു. തുടർന്ന് ഇന്നലെ വിവരം അറിഞ്ഞെത്തിയ യൂസഫിെൻറ ബന്ധു ഇതേ വിമാനകമ്പനിയിൽ പണം അടച്ചപ്രകാരം, ഇന്നലെ രാത്രിയിൽ പുറപ്പെടുന്ന മുംബൈ കണക്ഷൻ ഫ്ലൈറ്റിൽ ഇദ്ദേഹത്തിന് ടിക്കറ്റ് നൽകി. എന്നാൽ മുംബൈയിൽ നിന്ന് മറ്റന്നാളാണ് കോഴിക്കോടേക്ക് അടുത്ത ഫ്ലൈറ്റുള്ളത്. അതിനാൽ യൂസഫ് നാട്ടിലെത്താൻ ഇനിയും ദിവസങ്ങൾ പിടിക്കുമെന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.