മനാമ: മത്സ്യബന്ധന മേഖലയിൽ സർക്കാർ നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ബഹ്റൈനിലെ സെൻട്രൽ മാർക്കറ്റുകളിൽ മത്സ്യലഭ്യതയിൽ മികച്ച വർധനവ്.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്.സി.ഇ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ മാത്രം 6,849.6 ടൺ മത്സ്യം വിപണിയിലെത്തി. 1,055.1 ടൺ ഓടെ നവംബർ മാസത്തിലാണ് റെക്കോഡ് ലഭ്യത രേഖപ്പെടുത്തിയത്.
മത്സ്യബന്ധന ബോട്ടുകളിൽ ബഹ്റൈനി കപ്പിത്താൻ നിർബന്ധമാണെന്ന നിയമം നടപ്പിലാക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ സഹായിച്ചതായി എണ്ണ-പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് 2,871 സാധുവായ ലൈസൻസുകളാണുള്ളത്. 2018ൽ നടപ്പിലാക്കിയ ബോട്ടം ട്രോളിങ് നിരോധനം സമുദ്ര പരിസ്ഥിതിക്ക് വലിയ ഗുണമുണ്ടാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. കടലിന്റെ അടിത്തട്ട് മാന്തിയുള്ള ഇത്തരം രീതികൾ പവിഴപ്പുറ്റുകളെയും കടൽപ്പുല്ലുകളെ നശിപ്പിക്കുകയും ആമകൾ പോലുള്ള ചില കടൽ ജീവികളുടെ നിലനിൽപിന് ഭീഷണിയാകുകയും ചെയ്യുന്നുവെന്നും ശാസ്ത്രീയ പഠനങ്ങൾ പ്രകാരം ഈ നിരോധനം മത്സ്യ ഉൽപാദനത്തിൽ 16.9 ശതമാനം വർധനയുണ്ടാക്കിയതായും ഡോ. മുഹമ്മദ് ബിൻ ദൈന പറഞ്ഞു.
മത്സ്യബന്ധന മേഖലയിലെ പുതിയ ഭേദഗതികളും ടൂബ്ലി ബേയിലെ ദുർഗന്ധം സംബന്ധിച്ച പരാതികളും വരാനിരിക്കുന്ന ചൊവ്വാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. പ്രാദേശിക വിപണിയിൽ ചെമ്മീൻ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാൻ ഇറക്കുമതിയെയും നിയന്ത്രിതമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.