മനാമ: തൊഴിലാളികൾ തിങ്ങി താമസിക്കുന്ന ഇടങ്ങളിലെ അഗ്നിബാധ ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം മുഹറഖിലെ അനധികൃത ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ബംഗ്ലാദേശ് പൗരൻമാർക്കാണ് ജീവൻ നഷ്ടമായത്. ഇൗ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. റഫ്രിജറേറ്ററിലെ ഷോർട് സർക്യൂട് മൂലമാണ് അഗ്നിബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഇത്തരം സംഭവങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടത് ഗവർണർമാരാണെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ആക്ടിങ് ചെയർമാൻ മാസിൻ അൽ ഉംറാൻ പ്രാദേശിക പത്രത്തോട് പറഞ്ഞു. അഗ്നിബാധ പലയിടത്തും സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത് തടയാൻ കൂട്ടായ പ്രവർത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ നാല് ഗവർണറേറ്റിെൻറയും സംയുക്ത സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇൗ വർഷം ഇതേ വരെ രാജ്യത്ത് 37 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ മിക്കതിനും കാരണമാകുന്നത് ഷോർട് സർക്യൂട് ആണ്. മോശം വയറിങ്ങും ഇലക്ട്രിക് വയറിലേക്ക് വെള്ളം വീഴുന്നതും മറ്റുമാണ് ഇതിന് കാരണം.
ഇൗ കാര്യത്തിൽ മതിയായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് അൽ ഉംറാൻ വ്യക്തമാക്കി. ഇതിൽ മാധ്യമങ്ങളും എംബസികളും പൊതുസമൂഹവും പങ്കാളികളാകണം. പ്രവാസി തൊഴിലാളികൾ തിങ്ങിതാമസിക്കുന്ന സ്ഥലങ്ങളിലാണ് മിക്കവാറും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വൈദ്യുതി ഉപകരണങ്ങൾ അലസമായി ഉപയോഗിക്കുന്നതുണ്ടാക്കുന്ന അപടങ്ങളെക്കുറിച്ച് വ്യത്യസ്ത ഭാഷകളിൽ ബോധവത്കരണം ആവശ്യമായി വരും. തൊഴിലാളികളെ കൂട്ടമായി അപകട സാധ്യതയുള്ള കെട്ടിടങ്ങളിൽ താമസിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെയും, ഇങ്ങനെയുള്ള ആവശ്യത്തിനായി കെട്ടിടം വാടകക്ക് നൽകുന്നവർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.