ചെറുപ്പകാലത്ത് ഏറ്റവും ആവേശത്തോടെയാണ് നോമ്പിനെ സ്വീകരിച്ചിരുന്നത്. സ്കൂൾ, കോളജ് കാലഘട്ടത്തിൽ നോമ്പെടുക്കുന്നവർക്കും മാലയിട്ട് ശബരിമലയിൽ പോകുന്നവർക്കും പ്രത്യേക പരിഗണനയായിരുന്നു. ക്ലാസ് മുറികളിൽ സഹപാഠികളും ടീച്ചേഴ്സും വളരെ സൗമ്യമായിട്ടായിരിക്കും അവരോട് പെരുമാറുന്നത്. നമസ്കരിക്കാൻ പോകാൻ പ്രത്യേക ഇളവും നൽകും. ഉച്ചകഴിഞ്ഞ സമയങ്ങളിൽ പീരിയഡുകളിൽ ഒന്ന് ചെറുതായി ഉറങ്ങിയാലും ടീച്ചേഴ്സ് ഒന്നും പറയാറില്ല. അവൻ നോമ്പുകാരനാണ് ക്ഷീണം കാണും ഉറങ്ങിക്കോട്ടെ എന്നെ പ്രത്യേക പരിഗണന ആസമയത്തൊക്കെ കിട്ടുമായിരുന്നു. ഇതൊക്കെ നോമ്പ് കഴിയുംവരെ മാത്രം. നോമ്പായതുകൊണ്ട് ഇതര മതസ്ഥരായ കൂട്ടുകാരും ക്ലാസ് കഴിയുന്നതുവരെ ഭക്ഷണമോ വെള്ളമോ കുടിക്കുമായിരുന്നില്ല. അവരും കൂടെ നോമ്പെടുക്കാനും ഇഫ്താറുകളിൽ പങ്കെടുക്കാനും ഒരുമിക്കുമായിരുന്നു. റമദാനിലെ രാത്രികളാണ് ഏറ്റവും മനോഹരം.
നോമ്പുകാലത്ത് നമസ്കാരം കഴിവതും പള്ളികളിൽതന്നെ നിർവഹിക്കാനാണ് എല്ലാവർക്കും താൽപര്യം. നോമ്പുമുറിക്കുന്നതിനായി ചെറിയ ഒരു തൂക്കുപാത്രത്തിൽ ചായയോ, ഏതെങ്കിലും ജ്യൂസോ ആണ് കൈയിൽ കരുതുക ചെറുകടികളും സ്വാദിഷ്ടമായ കഞ്ഞിയും പള്ളികളിൽ തന്നെ കിട്ടും. അന്നത്തെ കഞ്ഞിയുടെ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. ചുക്കിന്റെയും, ആശാളിയും, ഉലുവയുടെയും മണം വല്ലാത്തൊരു അനുഭവം തന്നെയാണ്. നോമ്പുതുറന്നാൽ പിന്നെ പള്ളിയിൽ തന്നെയാണ്. തറാവീഹിനുശേഷം മാത്രമാണ് വീട്ടിലേക്ക് പോകുക. നമസ്കാരമൊക്കെ കഴിഞ്ഞുള്ള സമയം എല്ലാവരും ഒത്തുകൂടും, ചർച്ചകൾ പലവിധമാണ്, നാട്ടുവിശേഷം ലോകവിശേഷം അങ്ങനെ... ചർച്ച ചിലപ്പോഴൊക്കെ ഇടയത്താഴത്തിന്റെ (സുഹുർ ) സമയം വരെ നീളാറുണ്ട്. ജീവിതത്തിൽ ഏറ്റവും മനോഹരമായ കാലഘട്ടം. ഇപ്പോഴൊക്കെ കുറച്ചുസമയം കിട്ടിയാൽ അപ്പോഴേക്കും മൊബൈൽ ഫോണിലേക്ക് ശ്രദ്ധമാറും, ആർക്കും ഒന്നിനും സമയമില്ല. കുറച്ചൊക്കെ മാറ്റമുള്ളത് റമദാനിൽ മാത്രമാണ്. സാമൂഹികമായ വിഭജനങ്ങളെ മറികടന്ന് മനുഷ്യർക്കിടയിൽ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ബോധം വളർത്തുന്നു. റമദാൻ ഔദാര്യത്തിനും ജീവകാരുണ്യത്തിനും മാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.