മനാമ: ഈ വർഷം ആദ്യപാദത്തിൽ ബഹ്റൈനിലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ (എസ്.ഐ.ഒ) കൂടുതൽ വിഹിതം നൽകിയത് പ്രവാസികളെന്ന് കണക്കുകൾ. എസ്.ഐ.ഒയിൽനിന്ന് തന്നെയുള്ള കണക്കുകൾ പ്രകാരം ആകെ 4,70,145 പ്രവാസികളാണ് എസ്.ഐ.ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, 1,55,596 ബഹ്റൈൻ പൗരന്മാർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത പ്രവാസികളിൽ 48,423 പേർ സ്ത്രീകളാണ്.വിഹിതം അടച്ച പ്രവാസികളിൽ 71 ശതമാനം അതായത്, 3,33,270 പേർ പ്രതിമാസം 200 ദീനാറിൽ താഴെ വരുമാനം നേടുന്നവരാണ്. 14 ശതമാനം പേർ 200 നും 399 നും ഇടയിലും എട്ടു ശതമാനം പേർ 400നും 599നും ഇടയിലും രണ്ടു ശതമാനം പേർ 600നും 799നും ഇടയിൽ ശമ്പളം വാങ്ങുന്നവരാണ്. ഒരു ശതമാനം അതായത്, 6503 പേരാണ് 800നും 999നും ഇടയിൽ ശമ്പളം വാങ്ങുന്നവരും ബാക്കി വരുന്ന നാലുശതമാനം പേർ അതിലധികം ശമ്പളം പ്രതിമാസം വാങ്ങുന്നവരാണ്. 30 മുതൽ 39 വരെ വയസ്സിനിടയിലുള്ള പ്രവാസികളാണ് സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഇതിൽ പങ്കാളികളായിട്ടുള്ളവർ.
2025 ആദ്യപാദത്തിൽ 1,55,596 ബഹ്റൈനി പൗരന്മാരാണ് എസ്.ഐ.ഒയിൽ വിഹിതം അടച്ചത്. ഇതിൽ 65,710 സ്ത്രീകളാണ്. 2021 മുതൽ ബഹ്റൈനി അംഗങ്ങളുടെ എണ്ണത്തിൽ ഏഴ് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിഹിതം നൽകുന്നവരിൽ 33 ശതമാനം പേർ 1000 ദീനാറോ അതിലധികമോ വരുമാനം നേടുന്നവരാണ്. ഇതിൽ 9021 സ്ത്രീകളും ഉൾപ്പെടുന്നു. 25 ശതമാനം പേർ 600നും 799നും ഇടയിൽ വരുമാനം നേടുന്നവരാണ്.സ്വകാര്യമേഖലയിൽ 35 ശതമാനം പേർ 200നും 399നും ഇടയിൽ വരുമാനം നേടുന്നവരാണ്. 21 ശതമാനം പേരാണ് 1000 ദീനാറോ അതിലധികമോ വരുമാനം നേടുന്നത്. പൊതു-സ്വകാര്യ മേഖലകളിൽ 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ 1995 പേരാണുള്ളത്. ഇതിൽ 431 സ്ത്രീകൾ ഉൾപ്പെടുന്നു.
ബഹ്റൈനി അംഗങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളം 912 ദീനാറും ശരാശരി പ്രായം 36 വയസ്സുമാണ്. പെൻഷൻകാരുടെ ശരാശരി ശമ്പളം 825 ദീനാറും ശരാശരി പ്രായം 58 വയസ്സുമാണ്. പൊതുമേഖലയിൽ 36,608 ബഹ്റൈനി പെൻഷൻകാരും സ്വകാര്യ മേഖലയിൽ 48,254 പെൻഷൻകാരുമുണ്ട്.1000 ദീനാറോ അതിലധികമോ പെൻഷൻ ലഭിക്കുന്നവർ 22,059 പേരാണ്. ഇതിൽ 6389 സ്ത്രീകൾ ഉൾപ്പെടുന്നു. മരിച്ച ബഹ്റൈനി പെൻഷൻകാരുടെ എണ്ണം 14,058 ആണ്. ഇതിൽ 1363 സ്ത്രീകൾ ഉൾപ്പെടുന്നു.വാർധക്യം, വൈകല്യം, മരണം, തൊഴിൽപരമായ അപകടങ്ങൾ, തൊഴിലില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽനിന്ന് എല്ലാ വ്യക്തികൾക്കും സാമൂഹിക ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക സ്ഥാപനമാണ് എസ്.ഐ.ഒ. കൂടാതെ, സ്വകാര്യമേഖലയിലെ ബഹ്റൈനി ഇതര തൊഴിലാളികൾക്ക് എൻഡ്-ഓഫ്-സർവിസ് ഗ്രാറ്റ്വിറ്റി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തവും എസ്.ഐ.ഒക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.