പ്രതീകാത്മക ചിത്രം
മനാമ: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ തീർത്തും നിരാശരാക്കുന്നതായിരുന്നു. വർഷങ്ങളോളമായുള്ള ആവശ്യങ്ങളോട് മുഖം തിരിച്ച കേന്ദ്ര നിലപാടിനോട് പ്രവാസി സമൂഹം പല കോണിൽനിന്നായി പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുനിർത്തുന്നതിൽ പ്രവാസി പണത്തിന് നിർണായക പങ്കുണ്ടെന്ന് സമ്മതിക്കുന്ന സർക്കാർ അവർക്കായുള്ള ആനുകൂല്യങ്ങളെ അവഗണിക്കുന്നത് എന്തിന്റെ പേരിലാണെന്ന് അവ്യക്തമായ കാര്യമാണ്. തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സബ്സിഡി, വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിഹിതം തുടങ്ങി നിരന്തരം ആവശ്യപ്പെടുന്ന ഇത്തരം കാര്യങ്ങളോടുള്ള കേന്ദ്ര സർക്കാറിന്റെ നിലപാട് തീർത്തും പ്രതിഷേധാർഹമാണ്. വയനാട്, വിഴിഞ്ഞം തുടങ്ങി കേരളം ആവശ്യപ്പെട്ട കാര്യങ്ങളോടും സർക്കാർ കാണിച്ച അവഗണന രാഷ്ട്രീയപ്രേരിതമായാണ് വിലയിരുത്തുന്നത്. പ്രവാസികളുടെ ഇനിയുള്ള പ്രതീക്ഷ ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന കേരള ബജറ്റിലാണ്.
മനാമ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച അടുത്ത വർഷത്തേക്കുള്ള ബജറ്റ് കേരളത്തോടും ന്യൂനപക്ഷ സമൂഹങ്ങളോടുമുള്ള കടുത്ത വിവേചനത്തിന്റെ പര്യായമാണെന്ന് കെ.എം.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും നിർണായകമായ പങ്ക് വഹിച്ച ന്യൂനപക്ഷ സമുദായങ്ങളോട് ശത്രുതപരമായ സമീപനം സ്വീകരിക്കുന്നു എന്ന് ഒരിക്കൽകൂടി വ്യക്തമാക്കുന്ന രീതിയിലുള്ളതാണ് ബജറ്റ് എന്നും കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി.
മനാമ: രാജ്യത്തെ കർഷകരെയും ദരിദ്രരെയും തിരിച്ചറിയാത്ത ഭരണാധികാരിയും ധനമന്ത്രിയുമാണ് നമ്മളെ ഭരിക്കുന്നതെന്ന് തോന്നിപ്പോകുന്ന ബജറ്റാണിതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പോലെയുള്ള പദ്ധതികൾക്ക് തുക അനുവദിക്കും എന്ന് കരുതിയിരുന്ന കേരളത്തിലെ ജനങ്ങളെ നിരാശരാക്കുന്ന ബജറ്റാണിത്. കേരളത്തിലെ യാത്രദുരിതം പരിഹരിക്കുന്നതിന് റെയിൽവേ വികസനം, ശബരിമല റെയിൽ പദ്ധതി അടക്കമുള്ള വിവിധ പദ്ധതികൾക്ക് തുക ലഭിക്കും എന്ന് കരുതിയ കേരളത്തിലെ ജനങ്ങൾക്ക് പൂർണ നിരാശയാണ് ഈ ബജറ്റിലൂടെ ബി.ജെ.പി ഗവണ്മെന്റ് നൽകിയിരിക്കുന്നത്.
മനാമ: സാധാരണക്കാരെയും കർഷകരെയും കണക്കിലെടുക്കാത്ത കോർപറേറ്റ് അനുകൂല ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ -സംസ്ഥാനവിരുദ്ധ ബജറ്റിനെ ബഹ്റൈൻ പ്രതിഭ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
കോർപറേറ്റ് വിധേയത്വ കേന്ദ്ര ബജറ്റിനെതിരെ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി പ്രതിഷേധിച്ചും, കേരളത്തെ പാർലമെന്റിൽ പ്രതിനിധാനം ചെയ്യുന്ന എം.പിമാർ കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ടും പ്രവർത്തിക്കണമെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ സംയുക്ത പത്രപ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
മനാമ: പ്രവാസികളെ അപ്പാടെ മാറ്റിനിർത്തിയ ബജറ്റാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച തെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി. പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക അത്താണിയായി നിലനിൽക്കുന്ന പ്രവാസികൾക്ക് അനുകൂലമായ നേട്ടങ്ങൾ ഒന്നും അവതരിപ്പിക്കാതെ വർഷങ്ങളായി ഗൾഫ് മേഘലയിൽ ശാശ്വതമല്ലാത്ത തൊഴിൽ തേടി പോയി കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പ്രവാസികൾ ഇന്നെത്തെ സാഹചര്യത്തിൽ ഒട്ടനവധി വിഷയങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണന്നും കൊറോണക്ക് ശേഷം സാമ്പത്തിക നിലവാരത്തിൽ ഏറെ തകർച്ചയിലാണന്ന് മനസ്സിലാക്കാതെ പോയത് ശരിയായില്ല എന്നും കേരളത്തെ അവഗണിച്ച് ചില സംസ്ഥാനങ്ങൾക്ക് വാരി കോരി നൽകിയത് ഇരട്ടത്താപ്പാണെന്നും ജി.എം.എഫ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
മനാമ: കോർപറേറ്റ് കൊള്ളക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവണ്മെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് അവതരിപ്പിച്ച ബജറ്റ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ തയാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളതെന്നും ബഹ്റൈൻ നവകേരള എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മനാമ: പ്രവാസികൾ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും പ്രവാസി സമൂഹത്തിന് ഒരു പാക്കേജും പ്രഖ്യാപിക്കാത്ത കേന്ദ്ര ബജറ്റ് തികച്ചും നിരാശയോടെയാണ് പ്രവാസി സമൂഹം കാണുന്നതെന്ന് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ എന്ന ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ വിലയിരുത്തിയതായി കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അറിയിച്ചു.
മനാമ: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അവഹേളിക്കുന്നതും ലോക്സഭയിൽ തങ്ങൾക്ക് പ്രാധാന്യമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നതും അപമാനിക്കുന്നതുമായ ബജറ്റാണിതെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
കാലങ്ങളായി പ്രവാസി സമൂഹം ആവശ്യപ്പെടുന്ന പ്രവാസികളുടെ വോട്ടവകാശം ലഭിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക വിഹിതത്തിൽ പ്രവാസികൾക്ക് ഇടം ലഭിക്കാനും പ്രവാസി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ മാറാനും സാധിക്കുകയുള്ളുവെന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.
മനാമ: പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബജറ്റ് പ്രവാസികളെ തീർത്തും അവഗണിച്ചുവെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). രാജ്യത്തിന്റെ ഭാഗമായ പ്രവാസി സമൂഹത്തോടുള്ള ഈ അവഗണന വികസിത് ഭാരത് എന്ന മുദ്രാവാക്യത്തെ എത്രത്തോളം സാധൂകരിക്കുന്നതാണ് എന്ന് ഭരണാധികാരികൾ ചിന്തിക്കേണ്ടതുണ്ടെന്ന് ഐ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.