മനാമ: അറബ് സംസ്കൃതിയെ ആഴത്തിൽ പരിചയപ്പെടുത്തുന്ന മുസഫർ അഹമ്മദിെൻറ മൂന്ന് പുസ്തകങ്ങളെക്കുറിച്ച് പ്രവാസി സാംസ്കാരിക കൂട്ടായ്മ ‘ഭൂമിക’ കെ.സി.എ ഹാളിൽ ചർച്ച സംഘടിപ്പിച്ചു. ‘മരുമരങ്ങൾ’, ‘അറബ് സംസ്കൃതി-വാക്കുകൾ വേദനകൾ’, ‘മരിച്ചവരുടെ നോട്ടുപുസ്തകം’ എന്നീ കൃതികളെ അധികരിച്ചാണ് ചർച്ച നടത്തിയത്.
അറബ് സംസ്കാരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തെൻറ അന്വേഷണങ്ങളാണ് മൂന്ന് പുസ്തകങ്ങളിലുമുള്ളതെന്ന് സദസിനെ അഭിസംബോധന ചെയ്ത് നടത്തിയ ഓഡിയോ പ്രഭാഷണത്തിൽ മുസഫർ അഹമ്മദ് പറഞ്ഞു. ഊഷരഭൂമിയിൽ പ്രകൃതി നൽകുന്ന നനവുകളും ജീവിതവും കണ്ടെത്തുകയാണ് മുസഫർ ചെയ്യുന്നതെന്ന് ‘മരുമരങ്ങൾ’ എന്ന പുസ്തകം പരിചയപ്പെടുത്തി ഫിറോസ് തിരുവത്ര പറഞ്ഞു. യുദ്ധവിരുദ്ധത പുലർത്തിയ കവിക്കൂട്ടങ്ങളും മാനവികതയാൽ സമ്പന്നമായ ചരിത്രവും ഇൗ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. മരുഭൂമിയുടെ സ്വത്വം അവിടുത്തെ ജീവിതങ്ങളുടെ ആത്മകഥയായി അവതരിപ്പിക്കുകയാണ് എഴുത്തുകാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ ഭാഷകൊണ്ട്, അതിസമ്പന്നമായ ആധുനിക അറേബ്യൻ സാഹിത്യലോകത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘അറബ് സംസ്കൃതി^വാക്കുകൾ, വേദനകൾ’ എന്ന് തുടർന്ന് സംസാരിച്ച പങ്കജ്നഭൻ അഭിപ്രായപ്പെട്ടു. അഭിമുഖങ്ങളിലൂടെയും വ്യക്തി പരിചയങ്ങളിലൂടെയും മൊഴിമാറ്റത്തിലൂടെയും ഇൗ പുസ്തകം അറബ് ഭൂമികയുടെ വൈവിധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തുകയാണ്. വിവിധ സംസ്കാരങ്ങളിലൂടെയുള്ള യാത്രകളിൽ ജീവിതത്തിെൻറയും മരണത്തിെൻറയും കവിത കണ്ടെത്തുന്ന എഴുത്താണ് ‘മരിച്ചവരുടെ നോട്ടുപുസ്തകം’ എന്ന കൃതിയിൽ ദൃശ്യമാകുന്നതെന്ന് അനിൽ വേങ്കോട് അഭിപ്രായപ്പെട്ടു. മരണത്തിെൻറ സൂക്ഷ്മമായ തത്വചിന്തയെ അടയാളപ്പെടുത്തുന്ന പുസ്തകം ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്.
എല്ലാത്തരം വിജ്ഞാനത്തിെൻറയും പ്രമുഖ കേന്ദ്രമായിരുന്ന അറബ് ലോകത്തിെൻറ ആധുനിക സാമൂഹിക ജീവിതം അന്വേഷിക്കുന്ന യാത്രകളാണ് മുസഫർ അഹമ്മദിേൻറതെന്ന് ചർച്ചയിൽ അധ്യക്ഷനായിരുന്ന ഇ.എ.സലിം അഭിപ്രായപ്പെട്ടു. കഠിനവും സങ്കീർണവുമായ അറേബ്യൻ ഭൂപ്രകൃതിയിലൂടെയുള്ള അന്വേഷണാത്മക യാത്രാരേഖകളെന്ന പ്രാധാന്യം അദ്ദേഹത്തിെൻറ കൃതികൾക്കുണ്ടെന്നും സലിം കൂട്ടിച്ചേർത്തു. സുജേഷ് സ്വാഗതവും നജുമുദ്ദീൻ വാഴയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.