മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കഴിഞ്ഞ ദിവസം അവാലിയിലെ 'കത്തീഡ്രൽ ഓഫ് അവർ ലേഡി ഓഫ് അറേബ്യ' സന്ദർശിച്ചു. രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്‍റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ഭാഗത്തുനിന്നുള്ള സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഹമദ് രാജാവിന്‍റെ നിർദേശപ്രകാരമാണ് ഈ സന്ദർശനം.
സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്‍റെയും ആഗോള മാതൃകയായി ബഹ്‌റൈനെ നിലനിർത്താനുള്ള രാജാവിന്‍റെ പ്രതിജ്ഞാബദ്ധത കിരീടാവകാശി കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. എല്ലാ മതവിഭാഗങ്ങൾക്കും ബഹ്‌റൈനിൽ പൂർണമായ ബഹുമാനവും സംരക്ഷണവും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ചരിത്രപരമായിത്തന്നെ ബഹ്‌റൈൻ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്നും, എല്ലാവർക്കും ഒരേപോലെ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നോർത്തേൺ അറേബ്യയിലെ അപ്പോസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡിയുടെ നേതൃത്വത്തിലുള്ള സംഘം കിരീടാവകാശിയെ സ്വീകരിച്ചു. വിശ്വാസികൾക്ക് നിർഭയമായി ആരാധന നടത്താൻ രാജ്യം നൽകുന്ന സുരക്ഷിതമായ അന്തരീക്ഷത്തിന് അവർ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് ബഹ്‌റൈൻ ഭരണകൂടം പ്രഥമ പരിഗണന നൽകുന്നതെന്ന് കൂടിക്കാഴ്ചയിൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.