എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ സംസാരിക്കുന്നു

ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധം; വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യൻ എംബസി

മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട് കോൺസുലാർ സേവനങ്ങൾ, പ്രതിരോധ സഹകരണം, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ സുപ്രധാന നേട്ടങ്ങൾ ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെയും ചിത്രകാരന്മാരുടെയും പ്രതിനിധികളുമായി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ഈ നേട്ടങ്ങൾ വ്യക്തമാക്കിയത്.

ബഹ്റൈൻ മാളിൽ പുതിയ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായതായി അംബാസഡർ അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ബഹ്റൈനിൽ ആരംഭിച്ച ഇത്തരത്തിലുള്ള ആദ്യത്തെ സജ്ജീകരണമാണിത്.

ബഹ്റൈൻ പൗരന്മാർക്കായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനത്തിന്റെ ഒന്നാം വാർഷികമാണ് മറ്റൊരു പ്രധാന നേട്ടം. ഇതിന്റെ തുടക്കം മുതൽ ഏകദേശം 4,000 ബഹ്‌റൈൻ പൗരന്മാർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രാ താൽപ്പര്യവും ലളിതമായ ഡിജിറ്റൽ അപേക്ഷാ പ്രക്രിയയുടെ സൗകര്യവുമാണ് ഇത് വ്യക്തമാക്കുന്നത്.

എംബസിയുടെ സ്ഥിരം പ്രതിരോധ പ്രദർശനം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നതായി അംബാസഡർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലുള്ള കംബൈൻഡ് ടാസ്ക് ഫോഴ്സ് 154-ന്റെ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി മുതൽ ബഹ്‌റൈൻ വേദിയാകുന്നുണ്ട്. ദേശീയ വികസനത്തിൽ ഇന്ത്യൻ സായുധ സേനയുടെ പങ്ക് എടുത്തുപറയുന്നതാണ് നിലവിലെ പ്രദർശനം.

ഏകദേശം മൂന്ന് വർഷം മുമ്പ് ആരംഭിച്ച എംബസിയുടെ 'ഫോക്കസ് സ്റ്റേറ്റ് ആൻഡ് യൂണിയൻ ടെറിട്ടറി ഇനിഷ്യേറ്റീവ്' പദ്ധതിയിലൂടെ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനോടകം പ്രമേയമായിക്കഴിഞ്ഞു. കേരളത്തിന്റെയും പുതുച്ചേരിയുടെയും സംസ്കാരവും ടൂറിസവും പൈതൃകവും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കുന്നതാണ് നിലവിലെ എഡിഷൻ. ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായ പ്രാദേശിക സംഭവവികാസങ്ങൾ കാരണം ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അംബാസഡർ പറഞ്ഞു. സാംസ്കാരിക നയതന്ത്രത്തിന് വലിയ പ്രാധാന്യമാണ് എംബസി നൽകുന്നത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല സൗഹൃദം ചിത്രകലയിലൂടെ അടയാളപ്പെടുത്തുന്ന വാർഷിക ചിത്രപ്രദർശനങ്ങൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷത്തെ പരിപാടിയിൽ മൂന്ന് പ്രത്യേക പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനകീയ ബന്ധങ്ങൾ, സാംസ്കാരിക കൈമാറ്റങ്ങൾ, പ്രതിരോധ സഹകരണം, മെച്ചപ്പെട്ട പൊതു സേവനങ്ങൾ എന്നിവയിലൂടെ ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ ആഴവും വൈവിധ്യവുമാണ് ഈ നയപരമായ ഇടപെടലുകൾ വ്യക്തമാക്കുന്നതെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.