മനാമ: രണ്ട് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ വാങ്ങുന്നതിനായി 55,500 ബഹ്റൈനി ദീനാർ മുഴുവനായി നൽകിയിട്ടും ഉടമസ്ഥാവകാശം കൈമാറാൻ വിസമ്മതിച്ച പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് കമ്പനിക്കെതിരെ ബഹ്റൈൻ ഹൈ സിവിൽ കോടതിയുടെ സുപ്രധാന വിധി. ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം ഉടൻ പരാതിക്കാരന്റെ പേരിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.
രണ്ട് ഫ്ലാറ്റുകൾ വാങ്ങാനായി മുഴുവൻ തുകയും നൽകിയിട്ടും കമ്പനി വിൽപന കരാർ സ്ഥിരീകരിക്കാനോ രേഖകൾ കൈമാറാനോ തയാറായില്ലെന്നാണ് പരാതി. കമ്പനിക്കെതിരെയുള്ള മറ്റു നിയമനടപടികളുടെ ഭാഗമായി ഈ ഫ്ലാറ്റുകൾ കൂടി ജപ്തി ചെയ്യപ്പെടുമെന്ന സാഹചര്യത്തിലാണ് വാങ്ങിയ ആൾ കോടതിയെ സമീപിച്ചത്. വാങ്ങിയ ആൾ സമർപ്പിച്ച രണ്ട് കരാറുകളും സാധുവാണെന്ന് കോടതി കണ്ടെത്തി. ഫ്ലാറ്റുകൾ പരാതിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്യാനും ആധാരങ്ങൾ നൽകാനും സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോക്ക് കോടതി നിർദേശം നൽകി. പണം നൽകി ദീർഘകാലം കാത്തിരുന്നിട്ടും രേഖകൾ ലഭിക്കാത്തതിനെത്തുടർന്ന് അഭിഭാഷകൻ സനദ് ബുച്ചേരി മുഖേനയാണ് പരാതിക്കാരൻ അടിയന്തര കോടതി നടപടികൾ ആരംഭിച്ചത്. കോടതി ചെലവുകളും വക്കീൽ ഫീസും കമ്പനി തന്നെ നൽകണമെന്നും വിധിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.