രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റഫറണ്ടം പ്രഖ്യാപനവേളയിൽ (ഫയൽ)
മനാമ: രാജ്യപുരോഗതിക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ദീർഷവീക്ഷണത്തോടെ പ്രഖ്യാപിച്ച ദേശീയ റഫറണ്ടം 24ാം വാർഷിക നിറവിൽ. 2001 ഫെബ്രുവരി 14ന് പൊതുവോട്ടിനിട്ട നാഷനൽ ആക്ഷൻ ചാർട്ടറിന് മികച്ച പിന്തുണയാണുണ്ടായത്. രാജ്യത്തെ 98 ശതമാനം ജനങ്ങളും വോട്ട് ചെയ്ത ചാർട്ടർ പിന്നീട് രാജ്യത്തുണ്ടാക്കിയ പുരോഗതി വലുതായിരുന്നു. ഹമദ് രാജാവിന്റെ പ്രയത്നത്തിനും ദീർഘ വീക്ഷണത്തിനും റഫറണ്ടത്തിന്റെ 24ാം വാർഷിക വേളയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസ നേർന്നു.
രാജ്യത്തെ മറ്റു മന്ത്രിമാർ, എം.പിമാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഹമദ് രാജാവിന് പ്രശംസയുമായെത്തി. രാജ്യം കഴിഞ്ഞ 24 വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളും വികസനവും ഹമദ് രാജാവിന്റെ ദർശനംകൊണ്ട് മാത്രമാണെന്ന് ആശംസകൾ അറിയിച്ചവർ ചൂണ്ടിക്കാട്ടി.2000 ഒക്ടോബർ മൂന്നിനാണ് ഹമദ് രാജാവ് ആധുനിക വത്കരണത്തിലൂടെ രാജ്യപുരോഗതിക്കുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്.
ജനാധിപത്യം, വികസനം, തുല്യത തുടങ്ങിയവയിൽ അധിഷ്ഠിതമായ വീക്ഷണം ഹമദ് രാജാവ് അവതരിപ്പിക്കുമ്പേൾ ഒരു രാജ്യത്തെ അതിന്റെ ഉന്നതിയിലേക്കെത്തിക്കാനുള്ള ദൃഢനിശ്ചയം ആ വാക്കുകളിലുണ്ടായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട റഫറണ്ടത്തിന്റെ കരടുരേഖ തയാറാക്കാൻ ദേശീയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് 2001 ഫെബ്രുവരി 14ന് വിഷയം പൊതു വോട്ടിനിടുകയായിരുന്നു. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള സ്വദേശികളായ സ്ത്രീ-പുരുഷന്മാർ അന്ന് ഒന്നായി കരട് രേഖയെ വോട്ട് ചെയ്ത് അനുകൂലിച്ചു. 98.4 ശതമാനം പേരും അന്ന് പിന്തുണക്കാനെത്തി എന്നത് രാജ്യവികസനത്തിൽ ജനങ്ങൾക്കുള്ള പ്രതിബന്ധത തെളിയിക്കുന്നതായിരുന്നു. നാഷനൽ ആക്ഷൻ ചാർട്ടർ അംഗീകരിക്കപ്പെട്ടശേഷം കാലക്രമേണ ഭരണഘടന സമത്വം, വ്യക്തി സ്വാതന്ത്രം, ദേശീയ ഐക്യം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തി.
രാജ്യം പൂർണ ജുഡീഷ്യൽ മേൽനോട്ടത്തിനും പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കും സാക്ഷിയായി. ലിംഗഭേദമില്ലാതെ രാജ്യമേതെന്നോ വിശ്വാസമേതെന്നോ നോക്കാതെ രാജ്യത്ത് ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യതയും നീതിയും ഉറപ്പാക്കി മൗലിക സ്വാതന്ത്രങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സ്ഥിരീകരിച്ചു.
പിന്നീടിങ്ങോട്ട് ഇന്നും രാജ്യത്തുടനീളം മാനവ വികസനത്തിനും ജീവിതനിലവാരത്തിലെ ക്രമാനുഗതമായ ഉയർച്ചക്കും ചാർട്ടർ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.