മനാമ: ടൂറിസ്റ്റുകളുമായി നേരിട്ടിടപഴകേണ്ടിവരുന്ന ഹോട്ടൽ മറ്റു ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലിക്കാരായി സ്വദേശികളെ നിയമിക്കണമെന്ന് വിദഗ്ധാഭിപ്രായം. ഇത്തരം മേഖലകളിൽ സമ്പർക്കത്തിന് ഒരു ബഹ്റൈനിതന്നെ ഉണ്ടായിരിക്കുന്നത് വിനോദസഞ്ചാരികളുടെ അനുഭവങ്ങളെ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയാണ് നിർദേശം മുന്നോട്ടുവെച്ചത്. ടൂറിസം മേഖലയിൽ സ്വദേശികൾക്ക് പരിശീലനം നൽകുന്നതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, വിനോദസഞ്ചാരികൾക്ക് രാജ്യത്തിന്റെ യഥാർഥ അനുഭവം നൽകുകയും ചെയ്യുമെന്ന് ബഹ്റൈൻ ചേംബറിന്റെ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കമ്മിറ്റി മേധാവി ജിഹാദ് അമീനും പറഞ്ഞു.
ബഹ്റൈൻ ജനതയേക്കാൾ നന്നായി മറ്റാർക്കും ബഹ്റൈനെ അറിയില്ലെന്നും പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ അമീൻ പറഞ്ഞു. ടൂറിസം മേഖലയെ ഉന്നതിയിലെത്തിക്കാൻ സ്വദേശികൾക്ക് അവസരം ലഭിക്കണം, ഹോട്ടലുകൾ മാത്രമല്ല റസ്റ്റാറന്റുകളിലും മറ്റ് ആകർഷണ സ്ഥലങ്ങളിലും ആദ്യ സമ്പർക്കം ബഹ്റൈനികളുമായിത്തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ ഹോട്ടലുകളിൽ റിസപ്ഷനിലും ബാക്ക് ഓഫിസിലുമായി ഏകദേശം 200 ജോലിക്കാരുണ്ടാകും; അതിൽ 25 ശതമാനം മാത്രമേ സ്വദേശികളുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ബഹ്റൈനികൾക്ക് ടൂറിസവുമായി ബന്ധപ്പെട്ട കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലന സ്ഥാപനങ്ങളുടെ ആവശ്യകതയും അമീൻ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ രാജ്യത്ത് വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം ഹോട്ടൽ റസ്റ്റാറന്റ് മേഖലകളിൽ 5.9 ശതമാനത്തിന്റെ വളർച്ചയാണ് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി പുറത്തിറക്കിയ ഏറ്റവും പുതിയ ബഹ്റൈൻ സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം പകുതിയായതോടെ 14.9 ദശലക്ഷം ടൂറിസ്റ്റുകൾ രാജ്യത്തെത്തിയെന്നാണ് കണക്കുകൾ. മുമ്പത്തേക്കാൾ 19.9 ശതമാനത്തിന്റെ വളർച്ചയാണിത് കാണിക്കുന്നത്. ഇത് ഹോട്ടൽ മേഖലക്ക് ഗുണകരമായ മാറ്റമാണുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.