ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളായ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുതന്നെയാണ് ബഹ്റൈൻ. മറ്റൊരു രാജ്യവും ബഹ്റൈനെ ആക്രമിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ല.
രാജ്യത്തിനും ഭരണാധികാരികൾക്കും വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. സ്വദേശികളെന്നോ വിദേശികളെന്നോ വേർതിരിവില്ലാതെ ഒരേപോലെ ജനങ്ങളുമായി ഇടപഴകുന്ന ഒരു രാജ്യമാണ് ബഹ്റൈൻ. 1991ൽ നടന്ന ഗൾഫ് യുദ്ധ സമയത്തുപോലും ഒരുവിധ പ്രശ്നങ്ങളും ഈ രാജ്യത്തെ ജനങ്ങൾക്കുണ്ടായിരുന്നില്ല. അതിനുശേഷം കോവിഡ് വന്നപ്പോഴും മികച്ച രീതിയിലാണ് രാജ്യം സ്വദേശത്തുള്ളവരെ സംരക്ഷിച്ചത്. നിലവിലെ സങ്കീർണമായ വിഷയങ്ങളും അതുപോലെ രാജ്യം കൈകാര്യം ചെയ്യും. ഈ അവസരത്തിൽ പ്രവാസികളായ നമ്മൾ വ്യാജ വാർത്തകളും മറ്റും ഷെയർ ചെയ്യുന്നത് ഒഴിവാക്കണം. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ബഹ്റൈനിലെ സാമൂഹിക കൂട്ടായ്മകളുമായി ബന്ധപ്പെടാവുന്നതാണ്.
എല്ലാവരും സർക്കാറിന്റെ ‘മൈഗവ്’ ആപ് ഡൗൺലോഡ് ചെയ്ത് സുരക്ഷ നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ്, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ, മരുന്നുകൾ, ഭക്ഷണങ്ങൾ എന്നിവ കരുതിവെക്കണം. പുറത്തുപോവൽ അത്യാവശ്യമുണ്ടെങ്കിൽ മാത്രം ചെയ്യുക. ആരും പരിഭ്രാന്തരാവരുത്, ഭീതി പരത്തുന്ന വാർത്തകൾ ആരും പരത്തരുത്. ബഹ്റൈൻ ഇതിലും മോശമായ സാഹചര്യം അതിജീവിച്ചിട്ടുണ്ടെന്നത് നമ്മൾ ഓർക്കണം. - ഫസലുൽ ഹഖ്
ബഹ്റൈൻ നിലവിൽ വലിയ മാനസിക പ്രയാസത്തിൽ നീങ്ങുന്ന സാഹചര്യത്തിലാണ്. ഈ സമയം കൂടുതൽ ശ്രദ്ധയോടെ വേണം നമ്മൾ പ്രവാസികൾ കൈകാര്യം ചെയ്യാൻ. ഒരു കാരണവശാലും വ്യാജ വാർത്തകളോ മറ്റോ അതല്ലെങ്കിൽ ബഹ്റൈൻ അതോറിറ്റി പുറപ്പെടുവിക്കാത്ത പ്രസ്താവനകളോ ഷെയർ ചെയ്യരുത്. കൊറോണ കാലം പോലെത്തന്നെ എവിടെയെങ്കിലും ഒറ്റപ്പെടുന്നവരോ മാനസിക സംഘർഷമുള്ളവരോ ശ്രദ്ധയിൽപെട്ടാൽ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് അവർക്ക് ആശ്വാസമെത്തിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എംബസിയുടെ നിർദേശങ്ങളും നമ്മൾ ശ്രദ്ധിക്കണം. - സുബൈർ കണ്ണൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.