മനാമ: പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് നോർക്ക് റൂട്ട്സ് സി.ഇ.ഒ അജിത്ത് കൊളാശ്ശേരി.
നോർക്ക കെയർ എന്ന പേരിൽ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതി നിലവിൽ അധികൃതരുടെ അവസാന അനുമതികൾക്കായി കാത്തിരിക്കയാണ്. ലോക കേരള സഭയിലടക്കം പലപ്രവശ്യം ഉന്നയിച്ചതും പ്രവാസികളുടെ നിരന്തര നിർദേശവുമായിരുന്ന പദ്ധതി വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും ബഹ്റൈൻ സന്ദർശനത്തിനിടെ ഗൾഫ് മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രവാസികളും അവരുടെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിനുമാണ് ഈ പരിരക്ഷ ലഭിക്കുക. അംഗങ്ങളെ കൂട്ടിച്ചേർക്കാനായി അധിക തുക നൽകി പോളിസിയിലെ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്താനാകും. ഇന്ത്യയിലുടനീളം 13000ത്തിലധികം ആശുപത്രികളുമായി സഹകരിച്ച് പണ രഹിത ചികിത്സ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിൽ നിലവിലുള്ള മറ്റേത് ഇൻഷുറൻസ് പോളിസികളേക്കാളും മികച്ചനിലവാരത്തിലും സൗകര്യങ്ങളോട് കൂടിയുള്ളതുമാവും നോർക്ക കെയർ പദ്ധതി. എല്ലാ ജില്ലകളിലെയും പ്രമുഖ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും അജിത്ത് പറഞ്ഞു.
അസുഖങ്ങൾ ഉണ്ടായിരിക്കെത്തന്നെ ഒരു മെഡിക്കൽ ചെക്കപ്പുമില്ലാതെ 18 വയസ്സു മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് ഒരേ പ്രീമിയത്തിലുള്ള പോളിസിയിൽ അംഗമാകാം. നോർക്ക കാർഡിനൊപ്പമുള്ള അപകട ഇൻഷുറൻസും പ്രവാസി രക്ഷ എന്നപേരിൽ 13 ഗുരുതര രോഗങ്ങൾക്കുള്ള സഹായമെന്ന നിലക്കുള്ള മറ്റൊരു പോളിസിയുമാണ് നിലവിൽ നോർക്ക നൽകിക്കൊണ്ടിരിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ.
പ്രഖ്യാപിക്കാനിരിക്കുന്ന പോളിസി പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തന്നത്. പത്ത് ലക്ഷം വരെ പരിരക്ഷ ലഭിക്കാവുന്ന പുതിയ പദ്ധതിയുടെ വാർഷിക വരിസംഖ്യ പുറത്തുവിട്ടിട്ടില്ല. ഏത് പദ്ധതിയും പ്രവാസികളുമായി കൂടിച്ചേർന്നാണ് തീരുമാനിക്കാറുള്ളത്. ഇക്കാര്യവും അങ്ങനെത്തന്നെയാകുമെന്നും പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കുക എന്നതാണ് നോർക്കയുടെ ലക്ഷ്യമെന്നും അജിത്ത് കൊളാശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.