മനാമ: ചൈനയും ബഹ്റൈനും തമ്മിലുള്ള വ്യാപാരം രണ്ട് ബില്യൺ ഡോളർ കവിഞ്ഞതായി ചൈനീസ് അംബാസഡർ നി റുചി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെട്ടെന്നും ഊർജം, പാർപ്പിടം, ടെലികമ്യൂണിക്കേഷൻസ്, നിർമാണമേഖല എന്നീ പദ്ധതികളിൽ ചൈനീസ് കമ്പനികൾ സജീവമായി പങ്കെടുത്തുവരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങൾ ബഹ്റൈൻ വിഷൻ 2030, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് എന്നിവയുമായി യോജിച്ച് മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ 76ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് മനാമയിൽ നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ബഹ്റൈനികൾ ചൈനീസ് സംസ്കാരം അനുഭവിച്ചറിയാൻ ചൈന സന്ദർശിക്കുന്നുണ്ടെന്നും ബഹ്റൈനിൽ കൂടുതൽ ചൈനീസ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ തങ്ങളുടെ സമഗ്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ചൈന ബഹ്റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും അംബാസഡർ പറഞ്ഞു.
കഴിഞ്ഞവർഷം രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നടത്തിയ ചൈനീസ് സന്ദർശനം ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ, തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തിയതായും സമഗ്ര ആരോഗ്യതന്ത്രം രൂപവത്കരിച്ചതായും അംബാസഡർ നി ഓർത്തെടുത്തു. സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അന്താരാഷ്ട്ര ദിനം പ്രഖ്യാപിക്കാനുള്ള ബഹ്റൈന്റെ സംരംഭം ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സജീവ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.വിവിധ പ്രമുഖരും നയതന്ത്രജ്ഞരും അതിഥികളും പങ്കെടുത്ത ചടങ്ങ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിച്ചുകൊണ്ട് കലാപരിപാടികളോടെയാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.