സ്വാതന്ത്ര്യം വിൽക്കുന്ന കുഞ്ഞുങ്ങൾ

ത്രിവർണ പതാക

വഴിനീളെ വിൽക്കുന്ന കാഴ്ച

ഓൺലൈൻ ശിഖരങ്ങളിൽ

വൈറലായി.

കണ്ടിട്ടു കഠാരമുനയേറ്റ

നെഞ്ചിൽ കുറ്റബോധം

സുനാമിയായി.

സ്വാതന്ത്ര്യദിനാഘോഷമാണ്

ഭാരതമേ, അഭിമാനപൂരിതമീ

അനർഘ മുഹൂർത്തം!

നോക്കൂ, കൊടികളുമായി

തെരുവിൽ ഘോഷിക്കുന്നു,

ഹാ… ജനനീ ജന്മഭൂമീ!

ഒറ്റക്കാണൊരു പിഞ്ചു പൂവ്

താനേ വിരിഞ്ഞുല്ലസിക്കുന്നു

ചിരിയിൽ നിലാവ്

വിരിയുന്നു.

കൊടികൾ വിൽക്കുമീ

കുഞ്ഞിനൊരു

നാലുവയസ്സു കാണുമോ,

അവന്റെ

അമ്മയെങ്ങാനുമരികിലുണ്ടോ,

ഭിക്ഷക്കായ്

കണ്ണുകൾ നീളുന്നോ...

സഹതാപത്താൽ

വെന്തുരുകുന്നോ നാടിന്റെ

മാനവും മര്യാദയും മനസ്സും?

കരുണയാലമ്മ

വകഞ്ഞൊതുക്കേണ്ട മുടിയിഴകൾ

ചെമ്പിച്ചു ചപ്രശയായൂർന്നു-

കിടപ്പുണ്ടവന്റെ

നെറ്റിയിൽ ചകിരിനാരുകളായ്,

ചോദ്യങ്ങളായ്

നാടിന്റെ മരവിച്ച മനസ്സാക്ഷിയായ്

തളർന്ന സ്വാതന്ത്ര്യസമരഗാഥയായ്

കരുവാളിച്ച പൗരന്റെ ജീവിതമായ്.

പിഞ്ചിളം കൈകളിൽ കാണാം

ചെറു പതാകകൾ

ഭാരതത്തിന്നാത്മപ്രചോദനം

ത്യാഗത്തിൻ പ്രതീകം

പ്രതീക്ഷതൻ ഹരിതം

പരിശുദ്ധമാം വെണ്മ

നീതിതൻ

നീലചക്രത്തിന്നാരക്കാലുകൾ

സംസ്ഥാനങ്ങൾ

സംസ്കാരങ്ങൾ

മൂല്യങ്ങൾ

കല്പനകൾ

വാഗ്ദാനങ്ങൾ…

സർവവും വരച്ചുകാട്ടിയ

മഴവിൽക്കൊടി,

നാളെയാണ്, നാളെയാണ്

പ്രദർശന സുദിനം!

വിൽക്കേണമീ വർണങ്ങൾ

കൊടികളാണ്,

നിറമുള്ളതത്രേ

സർവവും ഉൾക്കൊള്ളും

ദേശസ്നേഹത്തിൻ

ചിഹ്നമല്ലേ

വീട്ടിലൊന്നെങ്കിലും

തൂക്കേണമീ കൊടി,

‘ഒന്നെങ്കിലും വാങ്ങുമോ ഭയ്യാ

ഞങ്ങൾക്ക് റൊട്ടി ചുടാൻ

ഗോതമ്പുമാവു വാങ്ങാൻ…’

അരുത്, കേൾക്കരുതീ സ്വരം

ഈയമുരുക്കിയൊഴിക്കാം

ചെവിയിൽ…

മുഖം തിരിക്കുക

ചില്ലറയെറിഞ്ഞു

കൊടി വാങ്ങുക

മമ നാടേ സ്വാതന്ത്ര്യദിനമല്ലയോ

വർണക്കൊടി

തോരണമാക്കേണ്ടതല്ലയോ

വീടിന്റെ മുറ്റത്തിന്നുത്സവമല്ലയോ

തൂക്കിയാലാർക്കും കാണാം,

സ്വാതന്ത്ര്യം

സാഹോദര്യം

സമാധാനം

സമത്വം

ഐശ്വര്യം

ദേശസ്നേഹം!

തെരുവു കുഞ്ഞിന്റെ

കണ്ണിലെയിത്തിരി വെട്ടത്തിൽ

തെളിഞ്ഞത് ആദരവോ ദേശഭക്തിയോ

സ്വാതന്ത്ര്യവാഞ്ഛയോ?

അല്ല!

കണ്ടതു വെറും യാചന,

“വാങ്ങുമോയീ കൊടി

പശിയാറ്റാ

നെന്റെ നെഞ്ചിലെ

തീ കെടുത്താൻ…”

ബാധിക്കട്ടെ തിമിരം

കണ്ണിനീ കാഴ്ച വേണ്ട

നാവറുക്കട്ടെ ഞാനെന്റെ

സ്വരമൊടുക്കട്ടെ

പാടാൻ വയ്യല്ലോയിനിയും

“വന്ദേ… മാ... തരം”.

എണ്ണിയാൽ തീരാത്ത

വർണക്കൊടികളും

വരണ്ട മിഴികളും

ചിതറിക്കിടപ്പുണ്ട്

മണ്ണിൽ, നെഞ്ചിൽ

കണ്ടാലറിയാതെയിന്നും!

അവരുടെ മേലാകെ അഴുകിയ

മുറിപ്പാടുകൾ...

ദൂരെയേതോ

തെരുവിൽനിന്നും

കുതറിയെത്തീ

‘വന്ദേ മാതരം!’

Tags:    
News Summary - Children who sell freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.