മനാമ: ആസന്നമായ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗൾഫ് പര്യടത്തിന് തുടക്കം കുറിച്ച കേരള മുഖ്യമന്ത്രിയുടെ ആദ്യ പര്യടനം തന്നെ കനത്ത പരാജയമായതായി വിവിധ യു.ഡി.എഫ് കൂട്ടായ്മകൾ വിലയിരുത്തി.
മുഖ്യമന്ത്രി പ്രവാസി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയത് ശരിയായില്ല - ഒ.ഐ.സി.സി
മനാമ: വളരെ കൊട്ടിഘോഷിച്ച് മൂന്ന് ദിവസങ്ങളിലായി നടത്തിയ ബഹ്റൈൻ സന്ദർശനം മൂലം പ്രവാസി സമൂഹത്തിനോ കേരളത്തിനോ ഉണ്ടായ നേട്ടങ്ങൾ എന്താണെന്ന് വിശദീകരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ശരിയായില്ലെന്ന് ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ആരോപിച്ചു. കേരളത്തിന്റെ ഖജനാവിലെ പണം കൊണ്ട് വിദേശ സന്ദർശനം നടത്തുമ്പോൾ ആർക്കാണ് നേട്ടമുണ്ടായതെന്ന് വിശദീകരിക്കാൻ സർക്കാറിന് ബാധ്യത ഉണ്ട്. ഒ.ഐ.സി.സി അടക്കമുള്ള പ്രതിപക്ഷ പ്രവാസിസംഘടനകൾ മുഖ്യമന്ത്രിയുടെ വിദേശസന്ദർശനം എതിർക്കാൻ കാരണം എട്ട് വർഷം മുമ്പ് നടത്തിയ പ്രഖ്യാപങ്ങളൊന്നും നടപ്പാക്കിയില്ല എന്നതാണ്. 2017ൽ നടത്തിയ പ്രഖ്യാപനങ്ങൾ എല്ലാം ജലരേഖയായത് കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്താതെ, കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടത്തി എന്ന് അവകാശപ്പെടുന്ന പദ്ധതികളെപ്പറ്റി ബഹ്റൈനിൽ പ്രസംഗിക്കാൻ ശ്രമിച്ചതെന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഐ.വൈ.സി ഇന്റർനാഷനൽ
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മറവിൽ നടത്തിയ അഭിനയ മാമാങ്കമായിരുന്നു പിണറായിയുടെ ബഹ്റൈൻ സന്ദർശനമെന്നും ബഹ്റൈനിലെ മലയാളി ജനാധിപത്യ മതേത്വര വിശ്വാസികൾ മലയാളി സംഗമത്തെ എതിർത്ത് തോൽപ്പിച്ചതും വാഗ്ദാനങ്ങൾ വെറും തട്ടിപ്പായിരുന്നെന്നും യു.ഡി.എഫ് തീരുമാനം ഏറെ ചിട്ടയോടെ നടത്തിയത് വിജയം കണ്ടുവെന്നും ഐ.വൈ.സി ഇൻറർനാഷനൽ അറിയിച്ചു.
കെ.എം.സി.സി
മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനം ബഹിഷ്കരിച്ച കെ.എം.സി.സി ബഹ്റൈൻ തീരുമാനം നൂറുശതമാനം ശരിയെന്നു തെളിഞ്ഞിരിക്കയാണ്. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രഖ്യാപനവും നടത്താതെയാണ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. പി.ആർ വർക്കുകളുടെ കൊട്ടിഘോഷത്തിൽ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച മലയാളി സമൂഹം ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സ്വീകരണ പരിപാടിയെ രാഷ്ട്രീയമായി നേരിടാനുള്ള യു.ഡി.എഫ് പോഷക സംഘടനകളുടെ ഒറ്റക്കെട്ടായ തീരുമാനം മൂലം പരിപാടിയുടെ സ്വീകര്യതക്ക് വൻ ഇടിവാണ് സംഭവിച്ചതെന്ന് കെ.എം.സി.സി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഐ.വൈ.സി.സി ബഹ്റൈൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനവും 'പ്രവാസി സംഗമം' എന്ന പേരിൽ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ആരോപിച്ചു. പ്രവാസികൾക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. പ്രവാസി വിഷയങ്ങളിൽ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു 'പി.ആർ വർക്ക്' മാത്രമാണെന്ന യു.ഡി.എഫ് സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐ.വൈ.സി.സി ചൂണ്ടിക്കാട്ടി.
മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പാക്കി എന്ന് പറയാതിരുന്നത് അതെല്ലാം വെറും വാക്കുകൾ മാത്രമായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണെന്നും ഐ.വൈ.സി.സി. നേതാക്കൾ കുറ്റപ്പെടുത്തി.
ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ
മുഖ്യമന്ത്രി ബഹ്റൈനിൽ നടത്തിയ പര്യടനം ദുരൂഹത നിറഞ്ഞതാണന്നും പ്രവാസികൾക്ക് കഴിഞ്ഞതവണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇത്തവണ മലയാളികളെ മുഷിപ്പിക്കുന്ന രീതിയിൽ നടത്തിയ നീണ്ട പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒട്ടനവധി മലയാളികൾ ചടങ്ങിൽ നിന്ന് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത് ചടങ്ങിന്റെ പരാജയമായി വിലയിരുത്തുന്നതായും ലീഡർ കെ. കരുണാകരൻ സ്റ്റഡി ഫോറം വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.