മനാമ: സ്കൂളിൽവെച്ച് അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിക്കും, കുട്ടിയുടെ രക്ഷിതാവിനും 1000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കുട്ടിക്കെതിരായ അതിക്രമത്തിന് ക്രിമിനൽ കേസിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ സിവിൽ കേസ് വിധി.
മൈനർ സിവിൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ ഫീസായി 100 ദീനാറും മറ്റ് കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും വിധിയിലുണ്ട്. കുട്ടിയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് അഭിഭാഷക സയ്നബ് അലി മദൻ ഹാജരായത്.
നേരത്തെ അധ്യാപകനെതിരെയുള്ള ക്രിമിനൽ കേസിൽ മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതി ഒരു വർഷമായി കുറച്ചു. ക്രിമിനൽ വിധി അന്തിമമായതിനാൽ, കേസിനാസ്പദമായ വസ്തുതകൾ കോടതിക്ക് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് സിവിൽ കോടതി വ്യക്തമാക്കി. സ്പർശനത്തിലൂടെയും അതിന്റെ ഫലമായുണ്ടായ പരിഭ്രാന്തിയും ഭയവും കാരണം കുട്ടിക്ക് ശാരീരികവും മാനസികവുമായ ദോഷങ്ങൾ സംഭവിച്ചതായി കോടതി കണ്ടെത്തി.
മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിക്ക് സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി. കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിന്റെ വാദം കേൾക്കുന്ന വേളയിൽ പ്രതി ഹാജരായിരുന്നില്ല. കുറ്റകൃത്യത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുന്നതിൽ ഇത് ഒരു പ്രധാന വിധിയാണെന്ന് അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.