ഇന്റർനാഷനൽ ടൂറിസം മേളയിലെ ബഹ്റൈൻ പവിലിയനിൽനിന്ന്
മനാമ: ചൈനയിലെ ഷാങ്ഹായിയിൽ നടന്ന ഇന്റർനാഷനൽ ടൂറിസം മേളയിൽ (ഐ.ടി.ബി ചൈന 2024) തിളങ്ങി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സ്റ്റാൾ. ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിൽ നിന്നുള്ള 600ലധികം എക്സിബിറ്റേഴ്സാണ് പങ്കെടുക്കുന്നത്.
ഗൾഫ് എയർ, ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ എന്നിവയുടെ സ്റ്റാളുകളടങ്ങുന്നതാണ് ബഹ്റൈൻ പവിലിയൻ. ബഹ്റൈനിലെ ടൂറിസം മേഖലയുടെ പ്രധാന ആകർഷണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സംബന്ധിച്ച വിവരങ്ങൾ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ, ബഹ്റൈൻ ഹോളിഡേ സീസൺ, സ്പ്രിങ് ഓഫ് കൾചർ തുടങ്ങിയ സാംസ്കാരിക ഉത്സവങ്ങൾ, ഫോർമുല 1 അടക്കമുള്ള അന്താരാഷ്ട്ര ഇവന്റുകൾ എന്നിവയും അവതരിപ്പിക്കുന്നു. ബഹ്റൈനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ടൂറിസം മേഖലയുടെ പങ്ക് നിർണായകമാണെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറാ അഹമ്മദ് ബുഹിജി ചൂണ്ടിക്കാട്ടി.
ചൈനീസ് വിനോദസഞ്ചാര വിപണിയെ ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്.
ചൈനീസ് വിപണികളെ ലക്ഷ്യമിട്ട് രൂപകൽപന ചെയ്തിരിക്കുന്ന ‘ചൈന റെഡി’ പ്രോഗ്രാം തയാറാണ്. ചൈനീസ് വിനോദസഞ്ചാരികളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ യാത്രാനുഭവങ്ങൾ സുഗമമാക്കാനുമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
ചൈനീസ് വിനോദസഞ്ചാരികൾക്ക് ആകർഷകമായ ടൂറിസം അനുഭവം ഒരുക്കുകയാണ് ലക്ഷ്യം.
ഈ ലക്ഷ്യം മുൻനിർത്തി ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് ഷാങ്ഹായിയിലേക്കും ഗാങ് ചോയിലേക്കും ഡയറക്ട് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.