ബി.എസ്.എ ഫിഷിങ് മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങ്
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സജീവമായ ഫിഷിങ് കൂട്ടായ്മയായ ബഹ്റൈൻ ഷോർ ആംഗ്ലേഴ്സ് (ബി.എസ്.എ) സംഘടിപ്പിച്ച സീസൺ 3 ഫിഷിങ് മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് ഹൂറ അഷ്റഫ് പാർട്ടി ഹാളിൽ വർണ്ണാഭമായി സംഘടിപ്പിച്ചു.
45 ദിവസം നീണ്ട വാശിയേറിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മെംബർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നാസർ ടെക്സിം സ്വാഗതം ആശംസിച്ചു. അബ്ദുറഹ്മാൻ അബ്ദുല്ല ബു അസ്സ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും ടീം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും റബർബാൻഡ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി. മത്സരത്തിൽ 9.945 കിലോ തൂക്കമുള്ള അയക്കൂറ പിടിച്ച് ലിജോ ചെമരശ്ശേരി ഒന്നാംസ്ഥാനം കരസ്ഥമാക്കി. 500 ഡോളർ കാഷ് അവാർഡും അൽ ജുനൈദ് ഫിഷിങ് ടൂൾസ് നൽകിയ ഫിഷിങ് റോഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്.
രണ്ടാം സ്ഥാനം: ഉസ്മാൻ കൂരിയാടാൻ (9.104 കിലോ ശീലാവ്)-300 ഡോളറും ഫിഷിങ് റോഡും. മൂന്നാം സ്ഥാനം: മുഹ്സിൻ ഷൈഖ് 8.200Kg ക്വീൻ ഫിഷ്-150 ഡോളറും ഫിഷിങ് റോഡും. നാലാം സ്ഥാനം: ഫൈസൽ മുഹമ്മദ് 7.540 കിലോ ക്വീൻ ഫിഷ്- 100 ഡോളറും ഫിഷിങ് റോഡും. അബ്ദുറഹ്മാൻ ബു അസ്സ, ബിജു ആന്റണി, തോമസ് ജയ്ൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്റൈനിലെ ഏറ്റവും സജീവമായ ഫിഷിങ് ഗ്രൂപ്പുകളിൽ ഒന്നായ ബി.എസ്.എ ഫിഷിങ് കോമ്പിറ്റീഷന് പുറമെ കടൽത്തീരശുചീകരണം ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു.
അഡ്മിൻമാരായ നാസർ ടെക്സിം, അഷ്റഫ് ബില്ല്യാർ, അരുൺ സേവ്യർ, ഉസ്മാൻ കൂരിയാടാൻ, ജോബിൻ ജോൺ, അബ്ദുൽ റഷീദ്, മുഹമ്മദ് റാഫി, ജിഷാം കുഞ്ഞിമുഹമ്മദ് എന്നിവരാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.