നാലര പതിറ്റാണ്ടുകള്‍ ബഹ്റൈനിൽ പത്രപ്രവര്‍ത്തനത്തിലും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സമ്പൂര്‍ണമായി ചെലവഴിച്ച സോമന് ബേബിയുടെ ആത്മകഥയാണ് അനുഭവങ്ങളുടെ താഴ്വര. സുഖ, ദുഃഖ സമ്മിശ്രമായ തന്റെ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പവിഴദ്വീപിന്റെ വികാസത്തിന്റെ ചരിത്രം കൂടിയായി ദീർഘകാലം ബഹ്റൈനിൽ ചെലവഴിച്ച ആളെന്ന നിലക്ക് അദ്ദേഹത്തിന്റെ ആത്മകഥ മാറുന്നു. തന്റെ ജീവിതയാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ സാക്ഷ്യപത്രങ്ങളും ഗ്രന്ഥകാരന് അനുവാചകര്‍ക്കു മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. ഗ്രന്ഥകാരൻ ജനിച്ചുവളര്‍ന്ന കേരളത്തിലെ കാര്‍ത്തികപ്പള്ളിയുടെ പൗരാണിക മഹത്ത്വവും പ്രാമുഖ്യവും പുസ്തകത്തിൽ ദര്‍ശിക്കാം. യൗവനത്തില്‍ അദ്ദേഹം കേരള മന്ത്രിസഭാംഗമായ വക്കം പുരുഷോത്തമനെ തന്റെ ഗ്രാമത്തിലേക്കും ജ്ഞാനപീഠ പുരസ്കാര ജേതാവായ തകഴി ശിവശങ്കരപ്പിള്ളയെ തന്റെ പഠന സ്ഥാപനത്തിലേക്കും ക്ഷണിച്ച് ഗംഭീര സ്വീകരണം നല്കി ആനയിച്ച സംഭവങ്ങള്‍ പുതുതലമുറക്ക് മാതൃകയും പ്രചോദനവുമാണ്.
മലയാള മനോരമ പത്രത്തിന്റെ ശീതളഛായയില്‍ മയങ്ങാതെ തന്റെ പ്രവര്‍ത്തനം പ്രവാസലോകത്തിലേക്ക് പറിച്ചുനടാന്‍ നടത്തിയ സ്വപ്രയത്നം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നുള്ളതും തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്നു. വിശ്വസ്തതപൂർവം തന്റെ ജോലിയില്‍ തിളങ്ങിയതിനൊപ്പം സാമൂഹിക രംഗത്ത് സഹജീവികള്‍ക്ക് സഹായം ആവശ്യമുള്ള അവസരങ്ങളിലെല്ലാം തന്നില്‍ സര്വശക്തന് ഭാരമേല്പിച്ച താലന്തുകളെ വേണ്ടവണ്ണം വിനിയോഗിച്ച് അവര്‍ക്ക് താങ്ങും തണലുമായിത്തീര്ന്നതിന്റെ വിവിധ സംഭവങ്ങള്‍ ബഹ്റൈനിന്റെയും ചരിത്ര സംഭവങ്ങളായി മാറി എന്നത് അദ്ദേഹത്തിന്റെ ജീവിത മഹത്ത്വം എന്നല്ലാതെ എന്തു പറയാന്‍. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണ സംരംഭങ്ങളുടെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കാന്‍ സോമന് കഴിഞ്ഞു.
ഒരു മനുഷ്യന് മരിച്ചുകഴിയുമ്പോള്‍ അദ്ദേഹത്തിന് കല്പിച്ചു നല്കുന്ന നന്മയും പ്രാമുഖ്യവും സമൂഹത്തില്‍ ചിരപരിചിതമാണ്.
എന്നാല്‍, ഒരാള്‍ ജീവനോടിരിക്കുമ്പോള്‍ ആ മനുഷ്യന്റെ സുകൃത ജീവിതത്തിന്റെ വിവിധ തലങ്ങള്‍ എഴുത്തിലൂടെ അദ്ദേഹത്തെ നേരിട്ട് അറിയിക്കുക എന്നത് എത്രത്തോളം മഹത്ത്വം നിറഞ്ഞതാണ്. രണ്ടാമത്തെ ചിന്താഗതിയുടെ കൂട്ടമാണ് ഈ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആശംസകളും അഭിപ്രായങ്ങളും എന്ന വലിയ ഭണ്ഡാരം. വ്യത്യസ്ത തലങ്ങളില്‍ ജീവിത വിജയം നേടിയ മഹാന്മാരുമായുള്ള സോമന്റെ സൗഹൃദവും അടുപ്പവും ആരെയും വിസ്മയിപ്പിക്കുന്നത് മാത്രമല്ല തലമുറകള്‍ക്ക് മാതൃകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.