മനാമ: സെപ്റ്റംബർ ഏഴിന് ബഹ്റൈന്റെ ആകാശത്ത് അപൂർവ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് വാനനിരീക്ഷണ വിദഗ്ധർ.2025ലെ ഏറ്റവും ശ്രദ്ധേയമായ ആകാശ കൗതുകക്കാഴ്ചകളിലൊന്നിനാണ് ബഹ്റൈൻ സാക്ഷിയാകാനൊരുങ്ങുന്നത്. ഈ വർഷത്തെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ചകളിലൊന്നാണിതെന്നാണ് വാനനിരീക്ഷണ വിദഗ്ധനായ മുഹമ്മദ് റെധാ അൽ അസ്ഫൂർ പറയുന്നത്. ബഹ്റൈനിലും ഗൾഫ് മേഖലയിലും ഇത് വ്യക്തമായി കാണാനാകും.
ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും നീളുന്ന ഈ ഗ്രഹണം ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകും. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മൂടുന്നതോടെ ഇത് പൂർണ ഗ്രഹണമായി മാറും. പൂർണ ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ ചുവപ്പ് നിറത്തിലായിരിക്കും, ഇത് സാധാരണയായി 'ബ്ലഡ് മൂൺ' എന്നറിയപ്പെടുന്നു. ഈ ബ്ലഡ് മൂൺ ഒരു മണിക്കൂറും 22 മിനിറ്റും നീളും. ബഹ്റൈനിൽ രാത്രി 7.27 മുതൽ 10.56 വരെയാണ് ഗ്രഹണം ദൃശ്യമാകുക. 2018 ജൂലൈക്ക് ശേഷം ബഹ്റൈനിൽ ദൃശ്യമാകുന്ന ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണമാണിത്.
2028 ഡിസംബർ 31 വരെ ഇത്തരമൊരു കാഴ്ച ഇനി ഉണ്ടാകില്ലെന്നും അൽ അസ്ഫൂർ അറിയിച്ചു. അതിനാൽ, ആകാശ കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ അപൂർവ അവസരം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിഭാസം നഗ്നനേത്രങ്ങൾകൊണ്ട് സുരക്ഷിതമായി കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.