മനാമ: ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനും പെയ്മെന്റുകൾക്കുമായി 'ഫൗരി' സേവനത്തിൽ സുപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈനിലെ ഇലക്ട്രോണിക് ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് സേവനദാതാക്കളായ 'ബെനിഫിറ്റ്'. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി) നൽകിയ നിർദേശങ്ങൾ അനുസരിച്ച്, പൊതുഅവധി ദിവസങ്ങളിൽ രാവിലെ ഒരു സെഷൻ കൂടി 'ഫൗരി' സെറ്റിൽമെന്റിനായി ഉൾപ്പെടുത്തി. ഇതുപ്രകാരം, ഇന്നുമുതൽ ആഴ്ചയിലെ എല്ലാ ദിവസവും ഇടപാടുകൾ പ്രോസസ് ചെയ്യുകയും സെറ്റിൽ ചെയ്യുകയും ചെയ്യും.
'ഫൗരി' സേവനം വഴി നടത്തുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകളും പെയ്മെന്റുകളും പൊതുഅവധി ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പൂർത്തിയാക്കാൻ പുതിയ മാറ്റം സഹായിക്കും. ഇതുവരെ, പ്രവൃത്തിദിവസങ്ങളിൽ മാത്രമാണ് 'ഫൗരി' ഇടപാടുകൾക്ക് സെറ്റിൽമെന്റ് ലഭിച്ചിരുന്നത്. ഈ പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും നടത്താൻ അവസരം നൽകും.
ദേശീയ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് വേഗമേറിയതും തടസ്സമില്ലാത്തതുമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നതിനുമുള്ള 'ബെനിഫിറ്റി'ന്റെ പ്രതിബദ്ധതയാണ് ഈ വികസനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രത്യേകിച്ചും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും അടിയന്തരമായി പണമിടപാടുകൾ ആവശ്യമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും ഈ അപ്ഡേറ്റ് ഏറെ പ്രയോജനകരമാകും. ബഹ്റൈന്റെ സാമ്പത്തിക മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിനുള്ള 'ബെനിഫിറ്റി'ന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.